തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് വിമാനയാത്ര നടത്തിയെന്ന് ആരോപണം. മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ദുരിതാശ്വാസ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ഉപയോഗിച്ച് മുഖ്യമന്ത്രി തൃശ്ശൂരിലേക്ക് യാത്ര ചെയ്തതായാണ് വാർത്ത.

എന്നാൽ ഈ ഉത്തരവ് ഇപ്പോൾ റവന്യു അഡീഷണൽ സെക്രട്ടറി പിൻവലിച്ചതായാണ് മനോരമ ന്യൂസിന്റെ വിശദീകരണം. വാർത്തയായതോടെയാണ് റവന്യു വകുപ്പ് ഉത്തരവ് പിൻവലിച്ചതെന്നാണ് വാർത്ത.

അതേസമയം ഇത്തരത്തിലൊരു ഫണ്ട് വകമാറ്റലിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും ഈ ഉത്തരവ് കണ്ടില്ലെന്ന് പറഞ്ഞു. എന്നാൽ പണം തിരിച്ചടക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു.

തൃശ്ശൂരിൽ സിപിഎമ്മിന്റെ ജില്ല സമ്മേളന വേദിയിൽ നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. ഇതിനായി ഹെലികോപ്റ്ററിന് എട്ട് ലക്ഷം വാടക നൽകി. 13 ലക്ഷമായിരുന്നു കമ്പനി ചോദിച്ചത്. എന്നാൽ വിലപേശി ഇത് എട്ട് ലക്ഷമാക്കുകയായിരുന്നുവെന്ന് മനോരമ ന്യൂസ് ചാനൽ വാർത്ത പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ