തിരുവനന്തപുരം: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരണം മൂന്നാം ലക്കത്തോടെ പിന്‍വലിക്കേണ്ടി വന്ന യുവ സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് ഹരീഷിന് പിന്തുണയുമായി കേരള സര്‍ക്കാര്‍. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Read More: ‘മീശ’പിൻവലിക്കൽ: ഹരീഷിന് പിന്തുണയുമായി രാഷ്ട്രീയ, സാംസ്കാരിക ലോകം

ഹരീഷിനും കുടുംബാംഗങ്ങള്‍ക്കും നേരെ സൈബര്‍ ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം നോവല്‍ പ്രസിദ്ധീകരണം ആരംഭിച്ചിരുന്ന മാതൃഭൂമിക്ക് നേരെയും നടന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് ലക്കങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച ‘മീശ’ എന്ന നോവല്‍ താന്‍ പിന്‍വലിക്കുകയാണെന്ന് ഹരീഷ് വ്യക്തമാക്കി. നോവല്‍ വായിക്കാന്‍ സമൂഹമനസ്സ് പാകമാകുമ്പോള്‍ മാത്രം നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും ഹരീഷ് വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവര്‍മെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ