തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മാപ്പുചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് വേണ്ടി മുരുകന്റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നു. 5 ആശുപത്രികളിൽ നിന്ന് ചികിൽസ കിട്ടാത്തത് അതിക്രൂരമാണ്. ഇനി ഇങ്ങനെയൊരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെ. ഇതിനുളള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

വാഹനാപകടത്തിൽ പരുക്കേറ്റ തമിഴ്നാട് സ്വദേശി, ചികിൽസ നൽകാൻ സ്വകാര്യ ആശുപത്രികൾ വിസമ്മതിച്ചതിനെതുടർന്നു മണിക്കൂറുകൾക്കുശേഷം ആംബുലൻസിൽ കിടന്ന് മരിച്ചത്. മുരുകൻ (47) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11നു ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിച്ചായിരുന്നു അപകടം. നാട്ടുകാരും ട്രാഫിക് വൊളന്റിയർമാരും ചേർന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു മടക്കി.

തുടർന്ന് വെന്റിലേറ്ററുള്ള ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അവിടെയും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചു. കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റർ ഒഴിവില്ലെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പുലർച്ചെ ആറിനു മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ