കോഴിക്കോട്: രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ മറുവശത്ത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മതന്യൂനപക്ഷങ്ങളില്‍ പ്രബലമായ രണ്ട് വിഭാഗങ്ങളെയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍വെച്ച് അതിഹീനമായ രീതിയില്‍ ആക്രമിച്ചു, ഇത്തരം ശക്തികള്‍ക്ക് ഇടപെടാന്‍ കഴിയാത്തപ്പോള്‍ മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഏതു വര്‍ഗീയതയും സമൂഹത്തിന് ആപത്താണ്. ഒരുവിഭാഗത്തിനുമാത്രമായി സംഘപരിവാറിനെ എതിര്‍ക്കാനാകില്ല. തീവ്രചിന്താഗതി സമുദായങ്ങള്‍ക്ക് ആപത്താണ്. ഓങ്ങി നില്ക്കുന്ന മഴുവിന് കീഴല്‍ കഴുത്ത് കാട്ടരുതെന്നും മതേതരകക്ഷികള്‍ ഒന്നിക്കണമെന്നും മുജാഹിദ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മുജാഹിദ് വേദിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സി.പി.എമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ ഇവിടത്തെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതരാഷ്ട്രവാദികളെ അകറ്റിനിര്‍ത്തേണ്ടതുണ്ട്. രാജ്യത്ത് വല്ലാത്തൊരു ആശങ്കയും ഭയപ്പാടും ഓരോ ദിവസവും കഴിയുന്തോറും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന അവസ്ഥ നാം കാണുന്നു. നമ്മുടെ രാജ്യത്തെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ തന്നെ ഇടപെടലുകളാണ് ഇതിന് ഇടയാക്കുന്നത്. ജനങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി നിലപാടെടുത്ത സംഘടനകള്‍ വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്റെ ആശയങ്ങള്‍ ഇന്ന് ഭരണതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. ഓരോ രംഗവും കൈയ്യടക്കപ്പെടുകയാണ്. അവരുടെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് ശ്രമം നടത്തുകയാണ്. അക്കാര്യത്തില്‍ കേരളം വേറിട്ടുനില്‍ക്കുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒന്നിച്ച് അതിനെ എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. ആ സമയത്ത് തെറ്റായ ഒരു ചിത്രം വരച്ചുകാട്ടുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഎം സ്വീകരിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമാണ്. മഹാവിപത്തിനെ നേരിടാന്‍ നേരിയ ഭിന്നതകളെല്ലാം മാറ്റിവെച്ച് നമുക്ക് മതനിരപേക്ഷതയുടെ ഭാഗമായി അണിനിരക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. . മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.