അബുദാബി: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ ധനസമാഹരണം ലക്ഷ്യമിട്ട് യുഎഇയിൽ എത്തിയ പിണറായി വിജയന് അബുദാബി വിമാനത്താവളത്തിൽ വരവേൽപ്.  നോർക്ക വൈസ് ചെയർമാൻ എം.എ.യൂസഫലി, ഡയറക്ടർ ഡോ.ആസാദ് മൂപ്പൻ, ഇന്ത്യൻ എംബസി കോൺസൽ രാജമുരുകൻ, അബുദാബിയിലെ പ്രോട്ടോകോൾ ഓഫിസർ  എന്നിവരാണ് മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്.

മന്ത്രിസഭയിലെ മൂന്നു പേർ ഒഴികെ എല്ലാ മന്ത്രിമാരെയും വിദേശരാജ്യങ്ങളിൽ ധനശേഖരണത്തിന് അയയ്ക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. ഇവരെ അനുഗമിക്കേണ്ട ഉന്നത ഉദ്യോഗസ്ഥരെയും തീരുമാനിച്ചിരുന്നു. എന്നാൽ മന്ത്രിമാരുടെ  വിദേശയാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു.   മന്ത്രിമാർക്ക് അനുമതി നിഷേധിക്കാൻ എന്താണ് കാരണം എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.  ചൊവ്വാഴ്ച വൈകിട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഫോണിൽ അറിയിച്ചത്.

ദുബായിലും ഷാർജയിലും മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഈ മാസം 21 ന് കേരളത്തിൽ മടങ്ങിയെത്തും.  വിദേശരാജ്യങ്ങളിലെ മലയാളികളിൽ നിന്നു ഫണ്ട് ശേഖരിക്കുന്നതിനോട് പ്രധാനമന്ത്രി അനുകൂല അഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും ഇതേ തുടർന്നാണ് യാത്രാനുമതി തേടിയതെന്നും മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.

നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനും കുടുംബാംഗങ്ങളും മുഖ്യമന്ത്രിക്കൊപ്പം യുഎഇയിലെത്തി.  ദുസിത് താനിയിൽ പിണറായി വിജയന്, അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ലോക കേരളാ സഭാംഗം കെ.ബി.മുരളി, നോർക്ക ഡയറക്ടർ ഒ.വി.മുസ്തഫ, ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് രമേഷ് വി.പണിക്കർ, കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് എ.കെ.ബീരാൻകുട്ടി എന്നിവർ ചേർന്ന് സ്വീകരിച്ചു.

5000 കോടി രൂപ വിദേശ രാജ്യങ്ങളിൽ നിന്നു കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സമാഹരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്രം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കർശന ഉപാധികളും വച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ