തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. സംഭവം നടന്ന് ആറാം ദിവസമാണ് മുഖ്യമന്ത്രി കൊലയെ അപലപിച്ചത്. വിവിധ മേഖലകളിൽ നിന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

“കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്‌. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പോലീസ്‌ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. നിഷ്‌പക്ഷമായ അന്വേഷണമാണ്‌ നടക്കുക. ആരാണ്‌ പ്രതികള്‍ എന്നതോ എന്താണ്‌ അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ്‌ മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ്‌ ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. മറ്റുള്ളവരേയും ഉടനെ പിടികൂടും.”

“സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു”, മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ