തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകക്കേസിന്റെ രേഖകള്‍ സിബിഐയ്ക്ക് കൈമാറാത്തതു സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സിബിഐയ്ക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അതിനാലാണ് കേസില്‍ സര്‍ക്കാര്‍ രണ്ടാമത് അപ്പീല്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാമത് അപ്പീല്‍ പോകണമെങ്കില്‍ അതിന് വക്കീലിനെ കൊണ്ടുവരുന്നതെല്ലാം സാധാരണയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിന് ഖജനാവില്‍ നിന്ന് പണം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അപ്പീല്‍ എന്നത് തീര്‍ത്തും നിയമപരമായ നടപടിയാണെന്നും വിഷയത്തില്‍ പ്രോസിക്യൂഷന്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ പ്രമേയാവതരണത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഷാഫി ആരോപിച്ചു. അഞ്ച് മാസമായി കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തത് ഇതിനുദാഹരണമാണ്. ഡിജിപി ആണ് ഇപ്പോൾ ആഭ്യന്തരമന്ത്രിയെന്ന് ഷാഫി പറമ്പിൽ വിമര്‍ശിച്ചു.

Read More: അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതിയുടെ അനുമതി

പെരിയ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് കേസ് ഡയറിയടക്കമുള്ള സുപ്രധാന രേഖകള്‍ ക്രൈംബ്രാഞ്ച് ഇതുവരെ കൈമാറാത്തതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിക്ക് എന്താണ് പെരിയ കേസിൽ ഇത്ര താൽപര്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.