തിരുവനന്തപുരം: കേരളത്തിൽ ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും സ്വദേശികൾക്കായാലും വിദേശികൾക്കായാലും ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ബീഫുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദേശികള്‍ അവരുടെ രാജ്യത്ത് ബീഫ് കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്.

ഓണം നാളിലെ ഭക്ഷണത്തിനും മലയാളിയുടെ സംസ്കാരത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് പിണറായി വിജയൻ പറയുന്നു. ‘ഓണത്തിന്റെ ഭക്ഷണത്തിലുമുണ്ട് കേരളത്തിന്റെ പ്രാദേശിക വൈവിധ്യവും സാംസ്കാരികത്തനിമയും. എല്ലായിടത്തും ഇലയിട്ട് സദ്യ വിളമ്പുമ്പോഴും വിഭവങ്ങളിലുണ്ടാവും വലിയ വൈവിധ്യങ്ങള്‍. തെക്കന്‍ കേരളത്തില്‍ പൂർണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂർണമാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ്‌ ചെയ്തിട്ടുള്ളത്’ പിണറായി അഭിപ്രായപ്പെടുന്നു.

തിരുവോണ ദിനത്തില്‍ സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ സിനിമാ താരം സുരഭി ബീഫ് കഴിച്ചത് സംഘപരിവാർ വിവാദമാക്കിയിരുന്നു. ഇത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നായിരുന്നു ഇവരുടെ ആരോപണം. ഓണത്തിന് ഹിന്ദുക്കള്‍ മാംസം കഴിക്കില്ലെന്നും എന്തുകൊണ്ടാണ് സുരഭി മാംസം കഴിച്ചെന്നും ചോദിച്ചാണ് പല ഗ്രൂപ്പുകളും പോസ്റ്റുകള്‍ ഇട്ടിട്ടുളളത്. ഇതിനെല്ലാം കൂടിയുള്ള മറുപടിയാണ് മുഖ്യമന്ത്രിയുടേതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഓണം മറ്റൊരു ആഘോഷമായും താരതമ്യം ചെയ്യാനാകില്ല, കാരണം, അത് മതത്തിനും ജാതിക്കും അതീതമായി നാടിന്റെ ഉത്സവമാണ്.
ഓണത്തിന്റെ ഭക്ഷണത്തിനും മലയാളിയുടെ സംസ്കാരത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആ ഭക്ഷണത്തിലുമുണ്ട് കേരളത്തിന്റെ പ്രാദേശിക വൈവിദ്ധ്യവും സാംസ്കാരികത്തനിമയും. എല്ലായിടത്തും ഇലയിട്ട് സദ്യ വിളമ്പുമ്പോഴും വിഭവങ്ങളിലുണ്ടാവും വലിയ വൈവിദ്ധ്യങ്ങള്‍.
തെക്കന്‍ കേരളത്തില്‍ പൂർണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂർണമാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ്‌ ചെയ്തിട്ടുള്ളത്.
ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാർക്കോ വിദേശികൾക്കോ ഒരു വിലക്കും കേരളത്തിലില്ല.
സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാം. നമ്മുടെ നാടിന്റെ ആ സാംസ്കാരിക സവിശേഷത കാത്തു സൂക്ഷിക്കാം.
#FoodLiberty #Kerala #FoodTourism
towards #NAVAKERALAM

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ