തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് അധികഫീസിന്റെ പേരിൽ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പുറമേ സുപ്രീം കോടതി നിർദ്ദേശിച്ച ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കണമെന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളോട് സർക്കാർ അഭ്യർത്ഥിച്ചു.

“സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ നാടിന്‍റെ സ്ഥാപനങ്ങളാണെന്നും അവിടെ പഠിക്കാന്‍ വരുന്നത് നമ്മുടെ കുട്ടികളാണെന്നും കരുതി മാനേജ്മെന്‍റുകള്‍ പെരുമാറണം. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്‍റ് ഫെഡറേഷന് കീഴിലുളള നാലു മെഡിക്കല്‍ കോളേജുകളും പരിയാരം മെഡിക്കല്‍ കോളേജും നേരത്തെ നിശ്ചയിച്ച ഫീസില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളും അതിന് സന്നദ്ധമാകണം”, മുഖ്യമന്ത്രി അഭ്യത്ഥിച്ചു.

“5 ലക്ഷം ഫീസിനു പുറമെ 6 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നതാണ് സുപ്രീം കോടതി നിര്‍ദേശം. പാവപ്പെട്ടവര്‍ക്ക് ഈ ഫീസില്‍ പഠിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും” പിണറായി വിജയൻ പറഞ്ഞു.

“ബാങ്ക് ഗ്യാരണ്ടി പ്രശ്നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുളള പ്രയാസം പരിഹരിക്കുന്നതിന് ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൊളാറ്ററല്‍ സെക്യൂരിറ്റിയും തേര്‍ഡ് പാര്‍ട്ടി ഗ്യാരണ്ടിയും മാര്‍ജിന്‍ മണിയും ഒഴിവാക്കണമെന്ന് ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവര്‍ സഹകരിക്കുമെന്നാണ് കരുതുന്നത്. ബാങ്ക് ഗ്യാരണ്ടിക്ക് കമ്മീഷന്‍ ഈടാക്കുന്ന പ്രവണതയുണ്ട്. തീരെ ദരിദ്രരായവര്‍ക്കും ബി.പി.എല്‍. വിഭാഗത്തിനും എസ്.സി-എസ്.ടിക്കാര്‍ക്കും കമ്മീഷന്‍ ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു.

“സുപ്രീംകോടതിയുടെ വിധി അന്തിമമല്ല. അഞ്ചുലക്ഷം രൂപ ഫീസിനു പുറമെ തല്‍ക്കാലം ആറു ലക്ഷം രൂപയുടെ ബാങ്കു ഗ്യാരണ്ടി നല്‍കണമെന്നാണ് കോടതി പറഞ്ഞിട്ടുളളത്. ഫീ റഗുലേറ്ററി കമ്മിറ്റി ഫീസ് നിര്‍ണ്ണയിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഫീസ് തീരുമാനിക്കണമെന്ന് റഗുലേറ്ററി കമ്മിറ്റിയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിമൂലം പ്രയാസപ്പെടുന്ന കുടുംബങ്ങളോടൊപ്പമാണ് ഈ സര്‍ക്കാര്‍. അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും”, മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ