തിരുവനന്തപുരം: വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും സര്‍ക്കാര്‍തലത്തില്‍ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപരിപഠനത്തിനായി ധാരാളം വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തില്‍ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാര്‍ഥികള്‍ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടി ‘നാം മുന്നോട്ട’ില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍നിന്നു നാലു ശതമാനത്തോളം വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാള്‍ കൂടുതലാണ്. ഇക്കാര്യത്തില്‍ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്. ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തില്‍ പഠിക്കണമെന്നുമൊക്കെ ചേറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികള്‍ക്കു ലോകകാര്യങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവര്‍ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാന്‍ തത്പരരുമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തില്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമാക്കുകയെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സര്‍വകലാശാലകളേയും കലാലയങ്ങളേയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നടന്നുവരുന്നു. സര്‍വകലാശാലകളുടെ അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെകാലത്തുതന്നെ ആരംഭിച്ചിരുന്നു. ലോക, ദേശീയ തലങ്ങളില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ പിന്നിലായിരുന്ന ഘട്ടത്തിലായിരുന്നു ആ നടപടി. മുന്‍നിരയിലേക്ക് അവയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ ശ്രമങ്ങള്‍ നടത്തി. അതിനു ഫലമുണ്ടായി. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.
പഠനത്തോടൊപ്പം ജോലി, പഠനത്തിന്റെ ഭാഗമായിത്തന്നെ തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങള്‍ ഏറെ ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി വന്‍തോതില്‍ സ്ഥലമുണ്ട്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ കോഴ്‌സുകളുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തു വരാനിരിക്കുന്ന വലിയ മാറ്റമാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.