തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കെ, ഗവർണർ പി സദാശിവവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ശബരിമല സന്നിധാനത്തും പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട് ഗവർണർ പി സദാശിവത്തിന് പരാതികൾ ലഭിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

ഉച്ചയ്ക്ക് 12.30 ഓടെ ഗവർണറുടെ വസതിയായ രാജ്‌ഭവനിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ശബരിമലയിൽ ഇപ്പോഴത്തെ സ്ഥിതിഗതികളും പൊലീസ് നടപടികളും സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.

ശബരിമലയിൽ സമാധാനപരമായി പ്രാർത്ഥിക്കാനുളള അവസരമില്ലെന്നാണ് സംഘപരിവാർ സംഘടനകളുടെ പരാതിയിലെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാനമായ പരാതി ഗവർണർക്ക് അയച്ചിരുന്നു.

ശബരിമലയിലെ പൊലീസ് നടപടികളിൽ ഹൈക്കോടതിയുടെ പരാമർശങ്ങളും സർക്കാരിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.