തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് മേധാവികളടക്കമുളളവർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്‌ച പുരോഗമിക്കുന്നത്.

ഡിജിപി ലോക്‌നാഥ് ബെഹ്റ അടക്കമുളള ഉന്നത പൊലീസ് മേധാവികളും ഐപിഎസ് അസോസിയേഷൻ ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ പൊലീസിനെ സംബന്ധിച്ചുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുളള യോഗമാണ് നടക്കുന്നതെന്നാണ് വിവരം.

പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽ തങ്ങളുടെ നിലപാട് അറിയിക്കാനാണ് പൊലീസ് മേധാവികളുടെ യോഗം എന്നാണ് വിവരം. ക്യാമ്പ് ഫോളോവേഴ്സിനെ പൊലീസ് മേധാവികൾ വീട്ടിൽ ദാസ്യപ്പണിക്ക് നിയമിക്കുന്നതായും ചൂഷണം ചെയ്യുന്നതായും വാർത്തകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അതിനിടെ ക്യാമ്പ് ഫോളോവേഴ്‌സിന്റെ പരാതിയിൽ എസ്എപി കമ്മാന്റ് പി.വി.രാജുവിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീട്ടിലെ ടൈൽസ് പണിക്ക് ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് പണിയെടുപ്പിച്ചതായാണ് പരാതി. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ