തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനത്തെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായ മുഖ്യമന്ത്രി മാറി നില്‍ക്കങ്ങോട്ടെന്ന് പറയുകയായിരുന്നു. മറ്റൊന്നും പറയാതെ അദ്ദേഹം വാഹനത്തില്‍ കയറി പോവുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. വളരെ ദേഷ്യത്തോടെ ‘മാറി നില്‍ക്കങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Read More: സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിങ്; പ്രതീക്ഷയോടെ മുന്നണികള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു. മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിങ്ങിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച പോളിങ് രാത്രി ഏറെ വൈകിയും നീണ്ടു നിന്നു. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ 80.31 ശതമാനമാണ് പോളിങ്. വയനാടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ് ആണിത്.
ശക്തമായ ത്രികോണ മത്സരങ്ങള്‍ നടന്ന ജില്ലകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 73.35 ശതമാനവും തൃശൂരില്‍ 77.86 ശതമാനവും പത്തനംതിട്ടയില്‍ 74.09 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി.