തിരുവനന്തപുരം: ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ ശ്രീജിത്ത് തുടർന്നുവരുന്ന സെക്രട്ടേറിയേറ്റ് പടിക്കലെ സമരം തുടരാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.

നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയതെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രതിസ്ഥാനത്തുളള പൊലീസ് ഉദ്യോഗസ്ഥർക്ക് അനുകൂലമായ കോടതി വിധിക്കെതിരായ അപ്പീലിൽ ശ്രീജിത്തിന് ഒപ്പം നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇദ്ദേഹത്തിന് ഉറപ്പു നൽകി.

സിബിഐ അന്വേഷണം ആരംഭിക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് മാറ്റിനിർത്തുക എന്നീ ആവശ്യങ്ങളാണ് ശ്രീജിത്ത് മുഖ്യമന്ത്രിക്ക് മുൻപിൽ വച്ചത്.

അന്വേഷണം ആരംഭിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് മാറ്റിനിർത്തുന്നതിന് നിയമപരമായി തടസങ്ങളുണ്ടെന്ന് വിശദീകരിച്ചു.

ഉദ്യോഗസ്ഥർക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇതിനെതിരായ ശ്രീജിത്തിന്റെയും അമ്മയുടെയും ഹർജിയിൽ സർക്കാരും ഒപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് എന്ത് ആവശ്യമുണ്ടെങ്കിലും അനുകൂല നിലപാട് മാത്രമേ സർക്കാർ സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ശ്രീജിത്തിന്റെ സുഹൃത്തുക്കളും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ