കൊല്ലം: മുൻ ജെഡ്ജി കെമാൽ പാഷയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്നും, നുണപ്രചരിപ്പിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കൊല്ലത്തു നടന്ന പരിപാടിയിൽ പേരെടുത്ത് പറയാതെയാണ് പിണറായിയുടെ വിമർശനം.

“ജമാ അത്തെ ഇസ്ലാമിക്കു വേണ്ടി സംസാരിക്കുന്ന ഒരു ന്യായാധിപന്റെ സ്വരം അടുത്ത ദിവസം കേൾക്കാൻ ഇടയായി. അദ്ദേഹം പറയുകയാണ് നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രി പറയുന്നു പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ മുന്നോടിയായുള്ള ജനസംഖ്യ രജിസ്റ്റർ നടക്കില്ല എന്ന്. വീട്ടിൽ വന്ന് ചോദ്യം ചോദിക്കുമ്പോൾ നിങ്ങൾ ഉത്തരം പറയണ്ടാ എന്ന്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് ഞാൻ ചോദിക്കുകയാണ, ആരു പറഞ്ഞതാണ് താങ്കൾ കേട്ടത്? കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞതായിരിക്കില്ല. ചോദ്യത്തിന് ഉത്തരം കൊടുക്കണ്ട എന്നല്ല ഞാൻ പറയുന്നത്. ചോദ്യത്തിന് ഉത്തരം കൊടുത്തില്ലെങ്കിൽ നിങ്ങൾക്ക് പൗരത്വം നഷ്ടപ്പെടും, അപ്പോൾ ഈ പറയുന്ന ആൾ കൂടെയുണ്ടാകില്ല എന്നാണ് അങ്ങ് പറഞ്ഞത്. അങ്ങ് മനസിലാക്കേണ്ട ഒരു കാര്യം, ഇങ്ങനെയുള്ള ഓരോ ഘട്ടത്തിലും പറഞ്ഞ വാചകത്തിന്റെ കൂടെ നിന്ന ചരിത്രമാണ് ഞങ്ങൾക്കെല്ലാമുള്ളത്. അതിന്റെ ഭാഗമായി ഒരു വിഭാഗത്തെയും തള്ളിക്കളയുന്ന നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ച് സര്‍ക്കാര്‍ പറയാത്ത കാര്യങ്ങളും നയങ്ങളുമാണ് പ്രസംഗത്തിലൂടെ അദ്ദേഹം തെറ്റിദ്ധാരണ പരത്തി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. താന്‍ പറയാത്ത വാക്കുകള്‍ തന്റെ നാവില്‍ വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനത്തിനിടെ വ്യക്തമാക്കി.

Read More: കൊറോണ: ദക്ഷിണ കൊറിയയിൽ രോഗികളുടെ എണ്ണം 893 ആയി

ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുടെ ഭീകരതയെക്കുറിച്ച് പറയുമ്പോള്‍ പഴയ ഒരു ന്യായാധിപന് എന്തിനാ ഇത്ര പൊള്ളലെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലുപ്പം അറിയാത്ത തരത്തിലാണ് തരംതാണ അപകടരമായ പ്രസ്താവന നടത്തുന്നതെന്നും പിണറായി വിമർശിച്ചു. ദേശീയ പൗരത്വ രജിസ്റ്റർ ഇവിടെ നടപ്പാക്കില്ല എന്നും പിണറായി ആവർത്തിച്ചു.

“ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകളെ ഞങ്ങൾ കൂട്ടത്തിൽ കൂട്ടുന്നില്ല. ഇനിയും കൂട്ടില്ല. കാരണം അവരുടെ സ്വരം യോജിപ്പിന്റേതല്ല. ആർഎസ്എസ് അപ്പുറത്ത് എന്താണോ ചെയ്യുന്നത് അതു തന്നെയാണ് ഇവർ ഇപ്പുറത്ത് ചെയ്യുന്നത്,” മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.