തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് മുട്ടാപ്പോക്കാണെന്ന് മുഖ്യന്ത്രി കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസത്തിനായി വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കരുതെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചത് അതുകൊണ്ടാണെന്നും പിണറായി പറഞ്ഞു. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ചതും ഈ നിലപാടിന്റെ തുടര്‍ച്ചയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുമ്പ് ഗുജറാത്തില്‍ ദുരന്തമുണ്ടായ സമയത്ത് മറ്റു രാജ്യങ്ങളുടെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ മാത്രം കേന്ദ്രം പ്രത്യേക തരം നിലാപാടാണ് സ്വീകരിക്കുന്നത്. നേരത്തെയുള്ള ഉത്തരവിനെ കൂട്ടുപിടിച്ചാണ് പറയുന്നതെങ്കില്‍, ആരെങ്കിലും സ്വയം സഹായിക്കാന്‍ മുന്നോട്ടു വന്നാല്‍ അത് സ്വീകരിക്കാമെന്ന് പ്രസ്തുത ഉത്തരവില്‍ പറയുന്നുണ്ട്. അത് പലപ്പോഴും സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍ നമുക്ക് മാത്രം എന്താണ് പ്രശ്നം. തേടിവന്ന സഹായം സ്വീകരിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അത് വലിയൊരു സഹായമാകുമായിരുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മന്ത്രിമാിര്‍ക്ക് വിദേശയാത്രയ്ക്കുള്ള അനുമതി ലഭിക്കുമെന്ന സൂചന തന്നെയായിരുന്നു ലഭിച്ചിരുന്നത്. അവസാന നിമിഷം വരെ പ്രതീക്ഷ തന്നിരുന്നു. എന്നാല്‍ ഒടുവില്‍ അനുമതി നിഷേധിച്ചു. താന്‍ വിദേശത്തേക്കു പോയത് യാചിക്കാനല്ല മറിച്ച് നമ്മുടെ നാടിന്റെ ഭാഗമായ സഹോദരങ്ങളില്‍ നിന്ന് നാടിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള സഹായം എന്ന നിലയ്ക്കാണ് അവിടേക്ക് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വളര്‍ച്ചയില്‍ ഇക്കാലമത്രയും ബിജെപി ഒരു പങ്കും വഹിച്ചിട്ടില്ലെന്നും ഇപ്പോല്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന മുട്ടാപ്പോക്ക് നിലപാടില്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.