തിരുവനന്തപുരം: ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിലെ സമത്വമെന്ന ആശയത്തെ തകർക്കുന്നതാണ് പാസ്പോർട്ടിലെ നിറം മാറ്റമെന്നും പിണറായി വിമർശിച്ചു.

“സാധാരണ തൊഴിലാളികളെയും അഭ്യസ്ത വിദ്യരെയും രണ്ടായി തിരിക്കുന്നതാണത്. പത്താംതരം പാസാകാത്ത തൊഴിലാളികൾ രണ്ടാംതരക്കാരായി പരിഗണിക്കപ്പെടും എന്ന അവസഥയാണ് ഇത് നടപ്പാക്കുന്നതിലൂടെ ഉണ്ടാവുക”, പിണറായി വിജയൻ തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാണ് ഇനി ഉണ്ടാവുക എന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇത് ഭരണഘടനയിലെ സമത്വമെന്ന ആശയത്തിന് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറ്റൊരു തീരുമാനം. അങ്ങനെ വന്നാൽ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവില്ല.
നമ്മുടെ നാട്ടിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് മഹാഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്. അവരിൽ പത്താം ക്ലാസ് പാസാകാത്തവരുണ്ടാകും. ബിസിനസ് സമൂഹത്തിലും അത്തരക്കാർ കാണും. അവർക്കുള്ള പാസ്പോർട്ടിന് പ്രത്യേക നിറം നൽകിയാൽ ഇതര രാജ്യങ്ങളിലെത്തുമ്പോൾ അവർ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുക. തൊഴിലവസരം നഷ്ടപ്പെടുന്നതിലേക്കും അപമാനിക്കപ്പെടുന്നതിലേക്കും ഇത് നയിക്കും. സ്വന്തം രാജ്യം തന്നെ പൗരൻമാരെ ഇങ്ങനെ തരംതിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം തിരുത്താൻ എത്രയും വേഗം കേന്ദ്ര സർക്കാർ തയാറാകണം”, മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.