തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ വീണ്ടും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കില്ല. ആരോപണങ്ങൾ പരിശോധിക്കാതെ മറുപടി പറയാനാകില്ല. സ്വകാര്യ കന്പനിയുടെ പേരിൽ ജേക്കബ് തോമസ് ഭൂമി വാങ്ങിയെന്ന ആരോപണം പരിശോധിക്കും. വീഴ്ചയുണ്ടെന്ന് കണ്ടാൽ സംരക്ഷിക്കില്ല. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി എടുത്ത ആളാണദ്ദേഹമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു..

സ്വത്തു സന്പാദവുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെ വന്ന മാധ്യമവാർത്തകൾ പ്രതിപക്ഷം സഭയിലുയർത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണ് ജേക്കബ് തോമസ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാരിനെയും കോടതിയെയും തത്ത കൊത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജേക്കബ് തോമസ് സ്വകാര്യകമ്പനിയുടെ ഡയറക്ടറായി, തമിഴ്നാട്ടില്‍ 50 ഏക്കര്‍ സ്ഥലം വാങ്ങിയത് വെളിപ്പെടുത്തിയില്ല എന്നീ ആരോപണങ്ങൾ ചൂണ്ടിക്കാണിച്ച് എം.വിന്‍സന്‍റ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി. എന്നാൽ സ്പീക്കർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ