തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നവരുടെ ഇഷ്ടം നടപ്പിലാക്കലല്ല ജനാധിപത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംഗീകരിക്കുന്നവരോടും വിമര്‍ശിക്കുന്നവരോടും ഒരുപോലെ സംവദിക്കാന്‍ ജനാധിപത്യത്തില്‍ കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു. ജയിച്ചവര്‍ പരാജയപ്പെട്ടവരെ ഒരുമിച്ചു കൂട്ടുമ്പോഴാണു ജനാധിപത്യം പൂര്‍ണമാകുന്നതെന്ന് സാര്‍വദേശീയ ജനാധിപത്യദിനത്തില്‍ സംസാരിക്കുന്പോൾ മുഖ്യമന്ത്രി പറഞ്ഞു.

‘എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള, പൂര്‍ണമായ അഭിപ്രായ സ്വാതന്ത്ര്യമുള്ള തുറന്നസമൂഹം എന്ന നിലയ്ക്കാണു ജനാധിപത്യത്തെ മനസ്സിലാക്കേണ്ടത്. വെറും പാര്‍ലമെന്ററി ജനാധിപത്യം മാത്രമായി ഒതുങ്ങേണ്ടതല്ല. മറിച്ച്, ഒരു ജനതയുടെ ജീവിതരീതിയായി അത് വികസിക്കണം. സമൂഹത്തിലെ അതിശക്തര്‍ക്കൊപ്പം അതിദുര്‍ബലര്‍ക്കും തുല്യാവസരമുണ്ടാവുന്ന ആശയമാണു ജനാധിപത്യം എന്നാണ് ഗാന്ധിജി നമ്മെ ഓര്‍മിപ്പിക്കുന്നത്’ പിണറായി വിജയൻ പറയുന്നു.

ജനാധിപത്യത്തെ പ്രോല്‍സാഹിപ്പിക്കാനും ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വേണ്ടിയാണു സാര്‍വദേശീയമായി സെപ്റ്റംബര്‍ 15ന് ജനാധിപത്യദിനം ആചരിക്കാന്‍ 2007ല്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്. ജനാധിപത്യവും സംഘര്‍ഷ നിവാരണവും എന്നതാണു സാര്‍വദേശീയ ജനാധിപത്യദിനം ഈ വര്‍ഷം മുന്നോട്ടുവയ്ക്കുന്ന വിഷയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ