തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാരായവർ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി കേസിനെ കുറിച്ച് വിവരങ്ങൾ പങ്കുവച്ചത്.

നടി ആക്രമിക്കപ്പെട്ട ദിവസങ്ങൾക്കകം തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കേസിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ അതിന് ശേഷവും അന്വേഷണം നടക്കുന്നുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

“കേസന്വേഷിക്കുന്നതിന് പൊലീസിന് പൂർണ്ണ സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നത്. അവർക്ക് മുന്നോട്ട് പോകുന്നതിന് ഒരു തടസ്സവുമില്ല. എത്ര വലിയ മീനായാലും പിടികൂടുക തന്നെ ചെയ്യും” മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നേരത്തേ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സൻ ആവശ്യപ്പെട്ടു. പൊലീസ് തന്നെ ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് താരസംഘടനയായ അമ്മ കൈക്കൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ