തിരുവനന്തപുരം: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണർ കൈമാറിയ ബിജെപിയുടെ പരാതിയിൽ മുഖ്യമന്ത്രി മറുപടി കൈമാറി. സായുധ സേനയ്ക്ക് പ്രത്യേക സൈനിക അവകാശങ്ങൾ നൽകുന്ന അഫ്‌സ്‌പ കണ്ണൂരിൽ നടപ്പിലാക്കണമെന്ന ആവശ്യം തള്ളിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.

“കണ്ണൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമാധാന ശ്രമങ്ങൾ ഫലം കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവിടെ സായുധസേനയെ ഇറക്കേണ്ട യാതൊരു കാര്യവുമില്ല. പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലാണ്. ഈ കേസിൽ മുഖ്യപ്രതികളെന്ന് സംശയിക്കപ്പെടുന്നവർ പിടിയിലായിട്ടുണ്ട്. ഇവർക്ക് സിപിഎമ്മുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. സിപിഎം ഏരിയാ സെക്രട്ടറി ഈ വധത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.”

“കൊല്ലപ്പെട്ട ബിജു പ്രതിയായ സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിന്റെ ബാക്കിയാണ് ഈ കൊലപാതകമെന്നാണ് മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചിരിക്കുന്നത്. ധൻരാജിന്റെ അടുത്ത സുഹൃത്തായിരുന്നു റിനീഷ്. ധൻരാജിനെ കൊലപ്പെടുത്തിയതിന് ശേഷം പകവീട്ടാനായിരുന്നു ബിജുവിനെ കൊല ചെയ്തതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.”

പയ്യന്നൂരിൽ ബിജു കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14 ന് ശേഷം കണ്ണൂരിൽ അക്രമങ്ങൾ ഇല്ലാതിരിക്കാൻ 220 യോഗങ്ങൾ ചേർന്നു. ഈ യോഗങ്ങൾ ഫലം കാണുന്നത് കൊണ്ടാണ് കഴിഞ്ഞ കുറേ നാളുകളായി ഇവിടെ അക്രമങ്ങൾ ഇല്ലാതിരിക്കുന്നത് എന്നും മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിൽ വിശദീകരിക്കുന്നുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ