കോട്ടയം: കര്‍ണാടകയില്‍ ബിജെപി റാലിക്കിടെ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എന്തു കുഴപ്പമാണെന്ന് അമിത്ഷാ പറയണം. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. കേരളവും കര്‍ണാടകവും തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗീയതയ്ക്ക് എതിരെ ജീവന്‍ കൊടുത്ത് പോരാടിയവരുടെ മണ്ണാണ്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അതാണോ സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്നും, നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താന്‍ കൂടുതല്‍ഒന്നും പറയുന്നില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളം എന്താണ്, കര്‍ണാടകയിലെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും നല്ലതുപോലെ അറിയാം. ഭരണഘന വിഭാവനം ചെയ്യുന്ന രീതിയില്‍ എല്ലാ ജനങ്ങള്‍ക്കും ഏത് മതവിശ്വാസിക്കും മതത്തില്‍ വിശ്വാസിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ജീവിക്കാനുള്ള അവസരമുണ്ട്. അതാണോ കര്‍ണാടകയിലെ സ്ഥിതി? ഇക്കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണം എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ശരി. പക്ഷേ അതല്ല അദ്ദേഹം ഉദ്ദേശിച്ചത്. ഇവിടെ എന്ത് അപകടമാണ് അദ്ദേഹത്തിന് ദര്‍ശിക്കാനായതെന്നും പിണറായി വിജയന്‍ ചോദിച്ചു.