തിരുവനന്തപുരം: ഇന്ത്യാ ടുഡേ സീനിയര്‍ ഫൊട്ടോഗ്രാഫറായിരുന്ന വെള്ളയമ്പലം ആര്‍എന്‍പി ലെയ്ന്‍ ശ്രീകാസില് സി ശങ്കര്‍ (62) അന്തരിച്ചു. മൃതദേഹം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു.
ചവറ മുല്ലശേരി കുടുംബാംഗമായ ശങ്കര്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഭാര്യ: കെഎസ് ശ്രീലത. മക്കള്‍: ഗോകുല്‍ എസ്. ശങ്കര്‍, ഗൗതം എസ്. ശങ്കര്‍.
സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനൊപ്പം ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ച ശങ്കര്‍ തുടര്‍ന്നാണ് പ്രസ് ഫൊട്ടൊഗ്രാഫറാവുന്നത്. ശങ്കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ന്യൂസ് ഫൊട്ടൊഗ്രാഫി മേഖലയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മുതിര്‍ന്ന ഫോട്ടോഗ്രാഫറായിരുന്നു ശങ്കറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ശങ്കറിന്റെ വസതിയിലെത്തി ആദരാജ്ഞലി അര്‍പ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും അനുശോചിച്ചു.