തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാലാണ് അനുമതി നിഷേധിച്ചത്. കണ്‍സ്യൂമര്‍ ഫെഡിന്റെ സംസ്ഥാനതല സ്റ്റുഡന്‍സ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്.
ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് വച്ചായിരുന്നു ഉദ്ഘാടനം നടക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കടകംപളളി സുരേന്ദ്രനാണ് അധ്യക്ഷന്‍. ഇന്ന് മുതല്‍ ജൂണ്‍ 30വരെ കുട്ടികള്‍ക്കായി പ്രത്യേക മാര്‍ക്കറ്റ് തുടങ്ങുന്ന പരിപാടിയാണിത്.
വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.