തിരുവനന്തപുരം: രാജ്യം ഒറ്റനികുതിയിലേക്ക് മാറിയതോടെ കോഴിവില കുറയ്ക്കണമെന്ന സംസ്ഥാന ധനവകുപ്പ് മന്ത്രി തോമസ് ഐസകിന്റെ ഉത്തരവ് ഇന്ന് മുതൽ നിലവിൽ വരും. 87 രൂപയ്ക്ക് ഇറച്ചിക്കോഴിയെ വിൽക്കണമെന്നും സാധിക്കില്ലെങ്കിൽ വിൽക്കേണ്ടതില്ലെന്നും മന്ത്രി കർശന നിലപാടെടുത്തതോടെ ഇന്ന് മുതൽ കർഷകർ സമരം ആരംഭിച്ചിരിക്കുകയാണ്.

സിപിഐഎം പോഷക സംഘടനയായ പോൾട്രി ഫാർമേഴ്സ് അസോസിയേഷനടക്കം എല്ലാ സംഘടനകളും സമരവുമായി രംഗത്തുണ്ട്. വില കുറച്ച് വിൽക്കണമെന്ന നിർദ്ദേശത്തെ ചെറുക്കാൻ ഇന്നലെ അർദ്ധരാത്രിക്ക് മുൻപ് തന്നെ കോഴി ലോഡുകൾ സംസ്ഥാന അതിർത്തിക്ക് പുറത്തേക്ക് കടത്തി.

നിരവധി ലോഡുകളാണ് രാത്രി അതിർത്തി കടന്നുപോയത്. തമിഴ്നാട്ടിലെ വൻകിട ഇറച്ചിക്കോഴി കമ്പനികളാണ് കേരളത്തിലേക്കുള്ള കോഴി ലോഡുകൾ തിരിച്ചെടുത്തത്. തമിഴ്നാട്ടിൽ 110 രൂപയാണ് ഇറച്ചിക്കോഴിക്ക് വില ഈടാക്കുന്നത്. ജിഎസ്ടിക്ക് ശേഷമുള്ള റീട്ടെയ്ൽ വിലയാണിത്. ഈ സാഹചര്യത്തിൽ 87 രൂപയ്ക്ക് കേരളത്തിൽ കോഴികളെ വിൽക്കാൻ സാധിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

അതേസമയം, കോഴികളുടെ ലോഡ് തിരിച്ചയക്കാൻ കർഷകർക്ക് അനുമതി വാങ്ങേണ്ടതില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി തോമസ് ഐസക് സമ്മർദ്ദത്തിന് കീഴയങ്ങില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറഞ്ഞു. വില കുറയ്ക്കണമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തെ കെപ്കോയെ ഉപയോഗിച്ച് നേരിടാൻ സർക്കാർ ശ്രമിച്ചാൽ തടയുമെന്ന് കോഴി കർഷകർ നിലപാടെടുത്തിടുണ്ട്. കോഴികളെ വിൽക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചു. സർക്കാർ ഏജൻസികൾ വഴിയുള്ള വിൽപ്പനയും തടയും. വൻകിട കമ്പനിസ്റ്റാളുകളെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും കേരള പൗൾട്രി ഫെഡറേഷനും വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ