കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കച്ചവടക്കാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സർക്കാർ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വിൽക്കാമെന്ന് വ്യാപാരികൾ അറിയിച്ചു. കോഴിക്കോട്ട് ധനമന്ത്രി തോമസ് ഐസക്ക് വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. വെട്ടിനുറുക്കിയ കോഴിയിറച്ചി കെപ്‌കോ നല്‍കുന്ന അതേ വിലയായ 158 രൂപയ്ക്ക് വില്‍ക്കാമെന്ന് വ്യാപാരികള്‍ സമ്മതിച്ചുവെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.

ഇറച്ചി മുറിച്ച് നല്‍കുന്നതിന് സര്‍വീസ് ചാര്‍ജ് കച്ചവടക്കാർക്ക് ഈടാക്കാം. ഇനിയുള്ള വിലനിലവാരം കെപ്‌കോയുടെ ഈടാക്കുന്ന വില അനുസരിച്ച് നിശ്ചയിക്കും. അടുത്ത ദിവസം മുതല്‍ പുതിയ വിലക്ക് ഇറച്ചിക്കോഴികളെ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഏഴ് ലക്ഷം കോഴികളെ മാത്രമെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുന്നുള്ളു. ഇത് ഒരുകോടിയാക്കും. കുറഞ്ഞത് 30 രൂപയ്ക്ക് സര്‍ക്കാര്‍ ഹാച്ചറികളില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. കേരളത്തിന് ആവശ്യമായ മൂന്നില്‍ ഒന്ന് ഇറച്ചിക്കോഴികളെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്നാണ് സംസ്ഥാനത്ത് കോഴിവില കുറഞ്ഞത്. എന്നാൽ ഈ വിലയ്ക്ക് വിൽക്കാനാവില്ലെന്ന് കോഴി കച്ചവടക്കാർ നിലപാട് എടുക്കുകയായിരുന്നു. ഇതിനെതിരെ സർക്കാർ കർശന നിർദേശവുമായി രംഗത്ത് എത്തിയതോടെ സമരത്തിലേക്ക് കച്ചവടക്കാർ നീങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ