പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനക്കേസിലെ പ്രതി പ്രകാശന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഉടനെ തന്നെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കും. നേരത്തെ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. യുവതി ആദ്യം നല്‍കിയ മൊഴിയില്‍ അവ്യക്തയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാമതും മൊഴി രേഖപ്പെടുത്തിയത്.

യുവതിയുടെ പരാതി പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. യുഡിഎഫും ബിജെപിയും പ്രചാരണ രംഗത്ത് വിഷയം ഉന്നയിക്കുമെന്ന് പ്രഖ്യാപിച്ചു.

സിപിഎം പോഷകസംഘടനാ പ്രവര്‍ത്തകയായിരിക്കെ പാര്‍ട്ടി ഓഫീസിലെത്തിയ താന്‍ അതേ സംഘടനയില്‍പ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെര്‍പ്പുളശ്ശേരിയിലെ ഒരു കോളേജില്‍ പഠിക്കുന്ന കാലത്ത് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നുമാണ് യുവതിയുടെ മൊഴി.

മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്റെ വീടിന് പിന്നില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ കണ്ടെത്തുന്നത്. തുടര്‍ന്ന് യുവതി പൊലീസിനോട് താന്‍ പിഡീപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തുകയായിരുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഈ സംഭവം സംസ്ഥാനത്തുടനീളം പ്രചരണത്തിന് യുഡിഎഫും എന്‍ഡിഎയും ഉപയോഗിക്കും. ചെറുപ്പള്ളശ്ശേരി പീഡനത്തോടെപ്പം പി.കെ.ശശി എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണവും യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതേസമയം, പാര്‍ട്ടിക്ക് അകത്തെ പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളാണ് ഈ പരാതിയിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.