/indian-express-malayalam/media/media_files/uploads/2021/10/cherian-philip-returned-to-congress-after-two-decades-574697.jpg)
തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് കാലത്തെ ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ഞാന്‍ എന്റെ കുടുംബത്തിലേക്ക്, തറവാട്ടിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ചെറിയാല്‍ ഫിലിപ്പ് തിരിച്ചു വരവ് പ്രഖ്യാപനം നടത്തിയത്. ''രാജ്യത്തെ ഒന്നാക്കി കൊണ്ടുപോകാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലനില്‍ക്കണം. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. ഇന്ത്യ ജീവിക്കണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് ജീവിക്കണം,'' ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
"രാജ്യ സ്നേഹമുള്ള ഒരു വ്യക്തിയെന്ന നിലയില്‍, ഞാന്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ്, കോണ്‍ഗ്രസ് തന്നെ ഇന്ത്യയുടെ ഭരണത്തിന്റേയും രാഷ്ട്രീയ മുന്നേറ്റത്തിന്റേയും ഭാഗമാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് ജീവിതത്തിന്റെ സായാഹ്നത്തില്‍ വീണ്ടും കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കാനുള്ള ചരിത്രപരമായ ദൗത്യത്തില്‍ ഞാനും പങ്കാളിയാകാന്‍ തീരുമാനിച്ചത്," ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
"കെഎസ്‌യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും മുന്നേറ്റത്തില്‍ ചോരയും നീരും ഒഴുക്കി. എന്റെ യൗവ്വനത്തിന്റെ ഊര്‍ജം മുഴുവന്‍ കോണ്‍ഗ്രസിനായി ചൊരിഞ്ഞതാണ്. ആ കാലഘട്ടങ്ങളില്‍ പൊലീസിന്റേയും രാഷ്ട്രീയ പ്രതിയോഗികളുടേയും കൊടിയ മര്‍ദനങ്ങള്‍ക്ക് ഇരയായി. എന്റെ അധ്വാനത്തിന്റെ മൂലധനം ഇന്നും കോണ്‍ഗ്രസിലാണ്," അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് വിടാനുണ്ടായ കാരണത്തെക്കുറിച്ചും ചെറിയാന്‍ ഫിലിപ്പ് വിശദീകരിച്ചു. "കോണ്‍ഗ്രസില്‍ ഞാന്‍ ഒരു പോരാളിയായിരുന്നു. അതൊന്നും എനിക്ക് വേണ്ടി ആയിരുന്നില്ല. കോണ്‍ഗ്രസ് തകരാന്‍ പാടില്ല എന്നതായിരുന്നു ലക്ഷ്യം. കോണ്‍ഗ്രസില്‍ അധികാരകുത്തക രൂപപ്പെട്ടുവന്നു. സ്ഥിരമായി എംഎല്‍എമാര്‍, സ്ഥിരമായി സംഘടനയുടെ തലപ്പത്ത്. ഞാന്‍ അതിനെ എതിര്‍ത്തു. രണ്ട് ടേം കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പക്ഷെ നിഷേധിക്കുകയാണ് ഉണ്ടായത്. ഞാന്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചു," ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ഇടതുപക്ഷം തന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കിയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. "അഭയകേന്ദ്രത്തിനേക്കാള്‍ ജനിച്ച വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് നല്ലത്. ആരെയും കുറ്റപ്പെടുത്താനില്ല," ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് ചെറിയാന്‍ ഫിലിപ്പ് എ.കെ. ആന്റണിയെ സന്ദര്‍ശിച്ചിരുന്നു. "ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടത് വലിയ ആഘാതമായിരുന്നു. അക്കാലത്ത് അദ്ദേഹത്തിനോട് ചെറിയ പരിഭവം തോന്നിയിട്ടുണ്ട്. പിന്നീട് അത് മാറി. ചെറിയാന്‍ വീട്ടിലെത്തി കാണാറുണ്ടായിരുന്നു. ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചു വരവില്‍ സന്തോഷമുണ്ട്. അണികള്‍ക്ക് ഇത് വലിയ ആവേശം നല്‍കും," എ.കെ.ആന്റണി പറഞ്ഞു.
2001 ലാണ് കോണ്‍ഗ്രസ് വിട്ട് ചെറിയാന്‍ ഫിലിപ്പ് ഇടതു പാളയത്തിലെത്തിയത്. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലും അംഗത്വം സ്വീകരിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചു. കെടിഡിസി ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് നവകേരള മിഷന്‍ കോര്‍ഡിനേറ്ററായിരുന്നു.
Also Read: ജി 20, സിഒപി 26: കാലാവസ്ഥ വ്യതിയാനവും, കോവിഡില്‍ നിന്നുള്ള തിരിച്ചു വരവും ചര്‍ച്ച ചെയ്യും: പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.