കൊച്ചി: ചെക്ക് തട്ടിപ്പ് കേസിൽ നടൻ റിസബാവ പരാതിക്കാരന് പതിനൊന്ന് ലക്ഷം രൂപ എത്രയും വേഗം നൽകണമെന്ന് എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു. കീഴ്ക്കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്ത് റിസബാവ സമർപ്പിച്ച അപ്പീലിലാണ് എറണാകുളം അഡീഷണൽ ജില്ലാ കോടതിയുടെ ഉത്തരവ്. കിഴ്ക്കോടതി വിധിച്ച തടവുശിക്ഷ ജില്ലാ കോടതി ഭേദഗതി ചെയ്തു. 3 മാസം തടവാണ് കീഴ്ക്കോടതി വിധിച്ചത്. ഇത് ഒരു മാസമാക്കി ചുരുക്കി.
പണം കൊടുത്തില്ലെങ്കിൽ റിസബാവ ഒരു മാസം തടവ് അനുഭവിക്കണം. തുക ഈടാക്കാനും ശിക്ഷ നടപ്പാക്കാനുമുള്ള നടപടികൾ എത്രയും ഉടൻ ആരംഭിക്കാനും ജില്ലാ കോടതി കീഴ്ക്കോടതിക്ക് നിർദേശം നൽകി. റിസബാവ എറണാകുളം എളമക്കര സ്വദേശിയായ സാദിഖിൽ നിന്ന് 2014 സെപ്റ്റംബറിൽ 11 ലക്ഷം രൂപ വാങ്ങിയതാണ് കേസിന് ആധാരം.
Budget 2020 Highlights: നികുതി ഇളവ്, എൽഐസി ഓഹരി വിറ്റഴിക്കൽ; കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
പണം യഥാസമയം തിരിച്ചു നൽകാതെ വാഗ്ദാനലംഘനം നടത്തിയെന്ന് മാത്രമല്ല സാദിഖിന് നൽകിയ ചെക്കിൽ ഒപ്പ് മാറ്റിയിടുകയും ചെയ്തു. വിചാരണക്കോടതിയിൽ തെളിവെടുപ്പിനിടെ ഒപ്പ് തന്റേതല്ലെന്ന മറുവാദം ഉയർത്തിയ റിസബാവ ഫൊറൻസിക് പരിശോധനയും ആവശ്യപ്പെട്ടു. പരിശോധനയുടെ ഭാഗമായി തെളിവെടുപ്പിനിടെ കോടതി മുറിയിൽ വച്ചു തന്നെ റിസബാവയുടെ ഏതാനും ഒപ്പുകൾ ശേഖരിച്ചു.
പണമിടപാടുമായി ബന്ധപ്പെട്ട് ഹാജരാക്കിയ രേഖകളിലെ റിസബാവയുടെ ഒപ്പുകളും ചെക്കും കോടതി ഫൊറൻസിക് പരിശോധനക്കയച്ചു. വിശദമായ പരിശോധനയിൽ ചെക്കിലെ ഒപ്പ് റിസബാവയുടേത് തന്നെയാണെന്ന് തെളിയുകയായിരുന്നു.