തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ്ബ് തോമസ്സിനെ ഇത്രയും ദിവസം സംരക്ഷിക്കുകയായിരുന്ന മുഖ്യമന്ത്രി പെട്ടെന്ന് നിലപാട് മാറ്റിയത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു.

ഈ നിലപാട് മാറ്റം എന്തിനാണെന്ന് പൊതു സമൂഹത്തോട് വിശദീകരിക്കാനുള്ള ബാധ്യത മുഖ്യമന്തിക്ക് ഉണ്ട്. ജേക്കബ്ബ് തോമസിന്റെ കാര്യത്തില്‍ ആരൊക്കെ എന്തൊക്കെ വിമര്‍ശനം നടത്തിയിട്ടും, എന്തൊക്കെ ആരോപണങ്ങളുയര്‍ന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ് തോമസിന്റെ കട്ടില്‍ കണ്ട് ആരും പനിക്കണ്ട എന്നാണ് നിയമസഭയില്‍ പോലും മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ പെട്ടെന്ന് അദ്ദേഹത്തെ നീക്കം ചെയ്യുമ്പോള്‍ അത് എന്തിനാണെന്ന് അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇന്ന് യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ജേക്കബ് തോമസിനെ മാറ്റിയത്. ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കാണ് പകരം ചുമതല. തുടർച്ചയായ കോടതി വിമർശനങ്ങളുടെ പേരിലാണ് സർക്കാർ നടപടിയെന്നാണ് സൂചന. ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചു. സർക്കാർ നിർദേശത്തെത്തുടർന്നാണ് അവധിയിൽ പ്രവേശിച്ചത്. തന്നെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതായും ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും?. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ