തിരുവനന്തപുരം: സ്ത്രീകൾ എവിടെയും ഏതു നേരത്തും ആക്രമിക്കപ്പെടാം എന്ന അവസ്ഥയാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടൽ ഉണ്ടായേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ ഇനി ഒരിക്കലും ഒരു പെൺകുട്ടിക്കും വാക്കത്തി തലയിണയ്ക്കടിയിൽ വച്ച് കിടന്നുറങ്ങേണ്ട ഗതികേട് ഉണ്ടാകരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു രണ്ടു മാസത്തിനുള്ളിൽ ഒരു വിദ്യാർത്ഥിയെ പെട്രോൾ ഒഴിച്ച് ചുട്ടുകത്തിച്ചിരിക്കുന്നു. ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് ഞാൻ അടുത്തറിയുന്ന കൃഷ്ണകുമാറിന്റെ മകൾ ലക്ഷ്മി ആണ് ഒടുവിൽ ഇരയായത്. ഞാൻ ഡൽഹിയിൽ ആയതിനാൽ ഇന്നലെ രാത്രി ഫോണിൽ വിളിച്ചു ലക്ഷ്മിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കെടുത്തു. ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ ക്ലാസിൽ കയറി ലക്ഷ്മിയെ ചുട്ടെരിച്ചതോടെ ക്ലാസ് മുറികൾക്കുള്ളിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലെന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സ്ത്രീകൾ എവിടെയും ഏതു നേരത്തും ആക്രമിക്കപ്പെടാം എന്ന അവസ്ഥ ഭീകരമാണ്. കോട്ടയത്തെ കാമ്പസിൽ നടന്ന ദുരന്തം സൃഷ്ടിച്ച ഞെട്ടലിൽ നിന്നും സഹപാഠികൾ മുക്തരായിട്ടില്ല. ഈ കുറിപ്പ് എഴുതി കൊണ്ടിരിക്കുമ്പോഴാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സ്ത്രീയെ കുത്തിപരുക്കേൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇനി ഒരു ജിഷ ആവർത്തിക്കരുത് എന്നൊക്കെ പ്രഖ്യാപിക്കാൻ എളുപ്പമാണ്. പക്ഷെ ഇക്കാര്യങ്ങൾ നടപ്പിലാക്കാനും ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാനുമുള്ള സാഹചര്യം സൃഷ്ട്ടിക്കാൻ ജാഗ്രതയോടുള്ള പ്രവർത്തനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

കേരളത്തിൽ ഇനി ഒരിക്കലും ഒരു പെൺകുട്ടിക്കും വാക്കത്തി തലയിണയ്ക്കടിയിൽ വച്ച് കിടന്നുറങ്ങേണ്ട ഗതികേട് ഉണ്ടാകരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു രണ്ടു മാസത്തിനുള്ളിൽ ഒരു വിദ്യാർത്ഥിയെ പെട്രോൾ ഒഴിച്ച് ചുട്ടുകത്തിച്ചിരിക്കുന്നു. ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് ഞാൻ അടുത്തറിയുന്ന കൃഷ്ണകുമാറിന്റെ മകൾ ലക്ഷ്മി ആണ് ഒടുവിൽ ഇരയായത്. ഞാൻ ഡൽഹിയിൽ ആയതിനാൽ ഇന്നലെ രാത്രി ഫോണിൽ വിളിച്ചു ലക്ഷ്മിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കെടുത്തു. ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ ക്ലാസിൽ കയറി ലക്ഷ്മിയെ ചുട്ടെരിച്ചതോടെ ക്ലാസ് മുറികൾക്കുള്ളിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലെന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സ്ത്രീകൾ എവിടെയും ഏതു നേരത്തും ആക്രമിക്കപ്പെടാം എന്ന അവസ്ഥ ഭീകരമാണ്. കോട്ടയത്തെ കാമ്പസിൽ നടന്ന ദുരന്തം സൃഷ്ടിച്ച ഞെട്ടലിൽ നിന്നും സഹപാഠികൾ മുക്തരായിട്ടില്ല. ഈ കുറിപ്പ് എഴുതി കൊണ്ടിരിക്കുമ്പോഴാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സ്ത്രീയെ കുത്തിപരുക്കേൽപ്പിച്ചിരിക്കുന്നത്.

ഇനി ഒരു ജിഷ ആവർത്തിക്കരുത് എന്നൊക്കെ പ്രഖ്യാപിക്കാൻ എളുപ്പമാണ്. പക്ഷെ ഇക്കാര്യങ്ങൾ നടപ്പിലാക്കാനും ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാനുമുള്ള സാഹചര്യം സൃഷ്ട്ടിക്കാൻ ജാഗ്രതയോടുള്ള പ്രവർത്തനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ദുഖത്തോടെ പറയട്ടെ , കേരളത്തിൽ ഇങ്ങനെയൊരു സാഹചര്യം ഇപ്പോഴില്ല. സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടൽ ഉണ്ടായേ തീരു.

ജിഷ കേസിൽ കുറ്റപത്രം തയാറാക്കിയപ്പോൾ, കേരളത്തെ കരയിച്ച കുറ്റകൃത്യം നടന്ന ദിവസം പോലും തെറ്റിച്ചിരുന്നു. സ്ത്രീ സുരക്ഷയുടെ പേരിൽ നടത്തിയ പ്രസംഗങ്ങൾ വെറും വാചാടോപം മാത്രമായിരുന്നു എന്നും തിരിച്ചറിയുന്നു. ഇത്തരം കാപട്യങ്ങൾ അവസാനിപ്പിച്ചു സ്ത്രീകളുടെ സുരക്ഷയ്ക്കായി ആത്മാർത്ഥതയോടുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ