കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടേ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് ഇന്ന് ശബരിമലയില്‍ പ്രവേശിക്കും. ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിലേക്കെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനിച്ചത്.

ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം നടത്താനുള്ള സ്വാതന്ത്ര്യം വിലക്കുന്ന സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നീതികേടിന് നേതൃത്വം നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞു. യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ബിജെപി എംപിമാരായ വി.മുരളീധരനും നളിന്‍ കുമാര്‍ കട്ടീലും ഇന്ന് ശബരിമലയിലെത്തും.

ശബരിമലയില്‍ മഴ നനയാതെ കയറി നിന്ന ഭക്തരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്തവരെ ഉടന്‍ ജാമ്യത്തില്‍ വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭക്തന്മാരെ അടിച്ചമര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയിലേക്കുള്ള റിക്രൂട്ട്‌മെന്റാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലറാകാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്കാരല്ലാത്ത ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള അവസരം ഒരുക്കണം. എല്ലാവരെയും ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനാണു പിണറായി വിജയന്‍ ശ്രമിക്കുന്നത്. ശബരിമല സന്നിധാനത്തെ കൂട്ട അറസ്റ്റ് അംഗീകരിക്കാനാകില്ല. പൊലീസിന്റെ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരെ ഉടന്‍ ജാമ്യത്തില്‍ വിടണം. പൊലീസിനെ ഉപയോഗിച്ച് ഭക്തരെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ വലിയ തിരിച്ചടി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ