/indian-express-malayalam/media/media_files/uploads/2018/09/Ramesh-Chennithala.jpg)
കൊച്ചി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരല്ല കേന്ദ്ര സർക്കാരാണ് ഓർഡിനൻസ് ഇറക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ഇക്കാര്യത്തിൽ പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 252 പ്രകാരം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയാൽ മാത്രമേ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് പാസാക്കാൻ കഴിയൂ എന്ന ശ്രീധരൻ പിള്ളയുടെ വാദം നിലനിൽക്കില്ല. സംസ്ഥാന സർക്കാർ അവരുടെ നിലപാട് വ്യക്തമാക്കിയതാണ്. സംസ്ഥാന സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ കഴിയില്ലെന്നും, ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനാണ് ഇക്കാര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ സാധിക്കുകയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപി ജനങ്ങളെ വിഢ്ഡികളാക്കാൻ ശ്രമിക്കുന്നു. ബിജെപി തുടക്കം മുതൽ തന്നെ കള്ളക്കളി കളിക്കുകയാണെന്നും രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ കാരണമെന്നും, കേന്ദ്രം സ്വന്തംനിലയ്ക്ക് ഓർഡിനൻസ് ഇറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന ആഭ്യന്തര തീര്‍ത്ഥാടന വിഷയത്തില്‍പ്പെടുന്നതാണെന്നും കേന്ദ്രസര്‍ക്കാരിന് ഇടപെടണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രമേയം പാസാക്കണമെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള രാവിലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
കേന്ദ്രം ഇടപെടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംസ്ഥാനം പ്രമേയം പാസാക്കുകയാണെങ്കിൽ കേന്ദ്രസര്‍ക്കാരിനെ ഈ വിഷയത്തില്‍ ഇടപെടുത്തി വിശ്വാസികളുടെ അവകാശം സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് പരിമിതിയുണ്ടെന്നായിരുന്നു ശ്രീധരൻപിള്ളയുടെ വാദം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.