ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. നേരത്തെ വാഗ്ദാനം നൽകിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബിഡിജെഎസ് കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരിൽ എൻഡിഎ യോഗം ചേരുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎ കൺവീനറായ തുഷാർ വെള്ളാപ്പള്ളിയുടെ ഈ നിലപാട് തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് സൂചന.

രാജ്യസഭ സീറ്റ് താനോ പാർട്ടിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് ചില ബിജെപി നേതാക്കൾ നടത്തിയ കുപ്രചാരണമാണെന്നും തുഷാർ പറഞ്ഞു. ഇതിനെതിരെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രഭരണം നാലു വർഷം പിന്നിട്ടിട്ടും സ്ഥാനങ്ങൾ സംബന്ധിച്ച വാഗ്ദാനം ബിജെപി പാലിച്ചില്ലെന്നാണു ബിഡിജെഎസിന്റെ പരിഭവം. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റു ബോർഡ് കോർപറേഷൻ പദവികൾ സംബന്ധിച്ച വാഗ്ദാനം പാലിക്കണമെന്നും കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ബിഡിജെഎസിന് പിന്തുണയ്ക്കില്ലെന്ന് വ്യക്തമായതോടെ ബിജെപി ക്യാമ്പ് ആശങ്കയിലായിരിക്കുകയാണ്. ബിഡിജെഎസിന് സ്വാധീനമുളള മണ്ഡലമാണ് ചെങ്ങന്നൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി 40,000ലധികം വോട്ടുകൾ സ്വന്തമാക്കിയത് ബിഡിജെഎസിന്റെ പിന്തുണയോടെയാണെന്നാണ് പാർട്ടിയുടെ അവകാശവാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ