പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് കോവിഡ് ബാധിതനായത്.
കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ് ചെങ്ങറ സമരം. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ കുടില്‍ കെട്ടിയായിരുന്നു സമരം. സമരസമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് അഞ്ചുവര്‍ഷം മുന്‍പ് ഗോപാലന് ചെങ്ങറയില്‍ നിന്ന് ഇറങ്ങിയിരുന്നു. ദലിതരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച വ്യക്തിയായ ഗോപാലൻ ആലപ്പുഴ സ്വദേശിയാണ്.
ളാഹ ഗോപാലന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ ഭൂ സമരത്തിലൂടെയാണ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അരക്ഷിതാവസ്ഥ കേരളീയ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായത്. ആദിവാസി ദലിത് വിഭാഗങ്ങള്‍ക്ക് സംസ്ഥാന വ്യാപകമായി ഭൂ സമരങ്ങള്‍ നടത്താന്‍ പ്രചോദനമായതും ചെങ്ങറ സമരമായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ആദിവാസി ദലിത് വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ളാഹ ഗോപാലന് നായകത്വം വഹിച്ചത്. നീതി നിഷേധങ്ങള്‍ക്ക് എതിരായ വരുംകാല പ്രതികരണങ്ങള്‍ക്ക് ളാഹ ഗോപാലന്റെ ഇടപെടലുകള്‍ ഊര്‍ജം പകരും. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.