പത്തനംതിട്ട: ഭൂരഹിതര്‍ പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതോടെ ചെങ്ങറ ഭൂസമരം വീണ്ടും സജീവമാകുന്നു. വാസയോഗ്യമായ ഭൂമി, മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം പുരോഗമിക്കുന്നത്.
രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞാണ് ചെങ്ങറ ഭൂസമരം ഇപ്പോള്‍ പുരോഗമിക്കുന്നത്. ടി ആര്‍ ശശി നേതൃത്വം നല്‍കുന്ന അംബേദ്കര്‍ ഗ്രാമ വികസന സൊസൈറ്റി പ്രവര്‍ത്തകരും ളാഹ ഗോപാലനെ സാധുജന വിമോചന സംയുക്തവേദി പ്രവര്‍ത്തകരും സമരം നടത്തുന്നുണ്ട്. ശശിയുടെ നേതൃത്വത്തില്‍ 12 ദിവസം മുമ്പ് കളക്ട്രേറ്റ് പടിക്കല്‍ ആരംഭിച്ച സത്യഗ്രഹ സമരം ഇപ്പോള്‍ അനിശ്ചിതകാല സമരമായി പരിണമിച്ചു.
ചെങ്ങറ നിവാസികള്‍ക്കായി ബാലാവകാശ കമ്മീഷന്‍ പട്ടികജാതി വികസന കമ്മീഷന്‍, സംസ്ഥാന ഗവര്‍ണര്‍ എന്നിവരുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സൊസൈറ്റി പ്രവര്‍ത്തകരുടെ സമരം. ചെങ്ങറ പാക്കേജില്‍ അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്നാരോപിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരും സമര പാതയിലാണ്.