ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ നിയോഗിച്ച ഒൻപതംഗ ഉപസമിതി ഇന്ന് യോഗം ചേരും. യുഡിഎഫ് നേതാക്കള്‍ ഇന്നലെ കെഎം മാണിയെ നേരിട്ട് കണ്ട സാഹചര്യത്തില്‍  പിന്തുണ ആര്‍ക്ക് നല്കണമെന്ന തീരുമാനം കേരള കോണ്‍ഗ്രസിന്റെ ഭാവി കൂടി പരിഗണിച്ചാകുമെന്നാണ് സൂചന.

ചെങ്ങന്നൂരില്‍ നാലായിരത്തോളം വോട്ട് കെഎം മാണിയുടെ കേരള കോൺഗ്രസിനുണ്ടെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഈ വോട്ടുകൾ കൃത്യമായി തങ്ങളുടെ പെട്ടിയിലാക്കാൻ മൂന്ന് പക്ഷവും കെഎം മാണിയുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നു.

മൂന്ന് മുന്നണികളും കേരള കോണ്‍ഗ്രസിന്റെ  പിന്തുണ തേടുകയും ചെയ്തിട്ടുണ്ട്. ഇടത് അനുകൂല നിലപാടാകും മാണി സ്വീകരിക്കുക എന്ന് റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇന്നലെ യുഡിഎഫ് നേതാക്കൾ കെഎം മാണിയെ നേരിൽ കണ്ടത്.

മാണിയുമായി ഒരുമിച്ചിരിക്കാന്‍  സാധിച്ചത് അനുകൂലമായി യുഡിഎഫ് കാണുന്നുണ്ടെങ്കിലും മാണിയെ പൂര്‍ണ്ണമായി അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികള്‍ക്കും  കേരള കോണ്‍ഗ്രസിന്റെ തീരുമാനം നിര്‍ണ്ണായകമാകും. യുഡിഎഫ് നേതാക്കള്‍ മാണിയെ സന്ദര്‍ശിച്ചത് ജോസഫ് വിഭാഗത്തിന്റെ വാദങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.

യുഡിഎഫിന് പിന്തുണ നല്കണമെന്ന ആവശ്യം അതുകൊണ്ട് തന്നെ ജോസഫ് അടക്കമുള്ളവര്‍ ഉപസമിതിയില്‍ ശക്തമായി ഉന്നയിച്ചേക്കാം. സിറ്റിയറിംഗ് കമ്മിറ്റിയിലും  ഇതേ നിലപാട് ഭൂരിഭാഗം പേരും സ്വീകരിച്ചിരുന്നു. എന്നാല്‍ ജോസ് കെ മാണി ഇതിനെതിരെ  രംഗത്ത് വന്നതാണ് തീരുമാനം ഉപസമിതിക്ക് വിടാന്‍ കാരണമായത്. മനഃസാക്ഷിവോട്ടിനപ്പുറം  ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്കേണ്ടി വന്നാല്‍ അത് മുന്നണി പ്രവേശവുമായി കൂട്ടിവായിക്കരുതെന്ന നിലപാടാകും മാണി സ്വീകരിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ