ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് സജി ചെറിയാന്‍ എംഎല്‍എ. ഉടന്‍ സഹായം എത്തിക്കാനായില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിച്ചു വീഴുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സജി ചെറിയാന്‍ പ്രതികരിച്ചത്.

കാലു പിടിച്ചിട്ടും ഹെലികോപ്റ്റര്‍ സഹായം ലഭിച്ചില്ലെന്നും ചെങ്ങന്നൂരില്‍ എത്രയും പെട്ടെന്നു തന്നെ നാവിക സേനയുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം ദിനമാണ് ഭക്ഷണവും മറ്റ് സൗകര്യവും ലഭിക്കാതെ വീടിന്റെ ടെറസിലും രണ്ടാം നിലിയിലൊക്കെ കഴിയുന്നത്.

”ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ തരണം. ഞാന്‍ കാലുപിടിച്ചു പറയാം ഞങ്ങളെ ഒന്നു സഹായിക്ക്. എന്റെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. എയര്‍ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാ വെള്ളത്തില്‍ കിടക്കുകയാണ്,” സജി ചെറിയാന്‍ പറഞ്ഞു

ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. ശക്തമായ ഒഴുക്ക് കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ ചെങ്ങന്നൂരിലും ചാലക്കുടിയിലും രക്ഷാസംഘം കൂടുതല്‍ കേന്ദ്രീകരിക്കുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

ഒഴുക്ക് കൂടുതലുള്ള ചാലക്കുടി, ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല എന്നത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ വേഗത കുറച്ചു. നാള രാവിലെയോട് കൂടി നാല് എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ കൂടി ഇറക്കും. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് ബോട്ടുകള്‍ കൂടി ഇറക്കും. ഒഴുക്ക് കൂടുടലുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ മോട്ടോര്‍ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.