ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് ആവേശക്കടലില്‍ മുങ്ങി ചെങ്ങന്നൂര്‍ നഗരം. രണ്ടര മാസം നീണ്ട് നിന്ന പ്രചാരണങ്ങള്‍ക്കാണ് ഇന്ന് വൈകിട്ട് ആറു മണിക്ക് തിരശീല വീണത്. പ്രൗഢഗംഭീരമായ കലശക്കൊട്ടിലാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്, യുഡിഎഫിന്റെ ഡി.വിജയകുമാര്‍, എന്‍ഡിഎയുടെ പി.എസ്.ശ്രീധരന്‍പിള്ള എന്നിവര്‍ തമ്മില്‍ പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ എല്ലാ മുന്നണികളുടെയും മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് കലാശക്കൊട്ടില്‍ പങ്കെടുത്തത്. ഉച്ച കഴിഞ്ഞതോടെ പ്രവര്‍ത്തകരെ കൊണ്ട് ചെങ്ങന്നൂര്‍ നിറയുകയായിരുന്നു. കനത്ത് പെയ്യുന്ന മഴയില്‍ പോലും ചോരാത്ത ആവേശമാണ് പ്രവര്‍ത്തകരില്‍ കണ്ടത്. കൊടികളും, പോസ്റ്ററുകളും തോരണങ്ങള്‍ കൊണ്ടും നിറഞ്ഞ ചെങ്ങന്നൂര്‍ നഗരത്തിലെ ഗതാഗതം രണ്ട് മണിയോടെ തന്നെ പൂർണമായും സ്തംഭിച്ചിരുന്നു.
അഭിമാനത്തിന്റെ പോരാട്ടമായി എല്ലാ മുന്നണികളും നോക്കികാണുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സജി ചെറിയാന് വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന്, പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദാ കാരാട്ട്, വി.എസ്. അച്യുതാനന്ദന്, എം.വി.ജയരാജന് എന്നിവരാണ് പ്രചാരണത്തിന് എത്തിച്ചേര്‍ന്നത്. യുഡിഎഫിന്റെ അഡ്വ.വിജയകുമാറിന് പിന്തുണ നല്കി കൊണ്ട് എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും തങ്ങളുടെ സാന്നിധ്യമറിയിച്ചു.
ഓരോ മുന്നണികള്‍ സ്വന്തം ശക്തി പ്രകടിപ്പിക്കാനുള്ള വേദിയായി കലാശക്കൊട്ട് മാറി. ചെണ്ടമേളത്തിന്റെയും പാട്ടിന്റെയും, നൃത്തത്തിന്റെയും അകമ്പടിയോടെയാണ് പ്രവര്‍ത്തകള്‍ പ്രചരണത്തില്‍ അണിനിരന്നത്. സിനിമ കഥാപാത്രങ്ങളായ സാഗര്‍ ഏലിയാസ് ജാക്കി, ഷാജി പാപ്പന് തുടങ്ങി പഴയ താരം ജയന്റെ അനുകരണങ്ങള്‍ വരെ എല്‍ഡിഎഫിന്റെ ചെങ്ങന്നൂരില്‍ പ്രചാരണത്തിൽ ഉണ്ടായിരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചരണം. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുക എന്നത് ബിജെപി സ്ഥാനാര്‍ഥിയായ ശ്രീധരന് പിള്ളയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്.
വ്യത്യസ്ത മുദ്രാവാക്യങ്ങളാണ് കലാശക്കൊട്ട് വേദിയില്‍ മുഴങ്ങി കേട്ടത്. നിലവിലെ സര്‍ക്കാരിന്റെ പ്രകടനത്തില്‍ സന്തുഷ്ടരായ ജനം രാമചന്ദ്രന് നായര്‍ക്ക് പകരക്കാരനായി സജി ചെറിയാനെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ് ഉളളപ്പോൾ, മാണിയുടെ പിന്തുണ സഹായകകരമാകുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. എന്നാല്‍ അവസാന നിമിഷം ബിഡിജെഎസ് പിന്തുണ പ്രഖ്യാപിച്ചതും, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി കേന്ദ്ര നേതൃത്വം നിയമിച്ചതും ചെങ്ങന്നൂരില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഘടകം. ഇരു മുന്നണികളെയും അട്ടിമറിച്ച് കൊണ്ട് രണ്ടാമതൊരു എംഎല്‍എയെ സമ്പാദിക്കുക എന്നതാണ് ബിജെപി സ്വപ്നം.
ചെങ്ങന്നൂര്‍ പട്ടണവും ബഥേല്‍ ജംങ്ഷനുമെല്ലാം പ്രവര്‍ത്തകരുടെ ആവേശത്താൽ തിരതല്ലി. വാഹനങ്ങളില്‍ നീങ്ങുകയായിരുന്ന സ്ഥാനാര്‍ഥികള്‍ക്ക് ആയിരത്തോളം പ്രവര്‍ത്തകരാണ് അകമ്പടിയായത്. നിരത്തുകളിലെല്ലാം വിവിധ പാര്‍ട്ടിയുടെ പതാകകള്‍ പാറിക്കളിച്ചു. ഇടയ്ക്ക് പെയ്ത മഴ, പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ശക്തിയോടെയാണ് മുദ്രാവാക്യങ്ങള്‍ ആകാശത്ത് മുഴങ്ങി കേട്ടത്. സമാധാനപൂർണമായി നീങ്ങിയ കൊട്ടിക്കലാശത്തിന്റെ അവസാനം എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം വ്യക്തിപരമായ ആക്ഷേപങ്ങള്‍ എന്ന നിലയിലേക്കും ഉയര്‍ന്നു.
ഒരു ത്രികോണ മൽസരത്തിനായിരിക്കും ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്നതില്‍ സംശയമൊന്നും നല്‍കാത്ത രീതിയിലുള്ളതായിരുന്നു കലാശക്കൊട്ട്. കാല്‍നൂറ്റാണ്ട് കൈയ്യിലിരുന്ന മണ്ഡലം എന്ത് വില കൊടുത്തും തിരിച്ച് പിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കഴിഞ്ഞ തവണ ഏഴായിരം വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് പരാജയപ്പെട്ടത്. എന്നാല്‍ 2016ല്‍ യുഡിഎഫിനെ ഇറക്കി വിട്ട വോട്ടര്‍മാര്‍ ഇത്തവണയും കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫും അരക്കെട്ടുറപ്പിക്കുന്നത്. യുഡിഎഫിനെക്കാള്‍ വെറും രണ്ടായിരം വോട്ടുകള്‍ വ്യത്യാസം മാത്രമുണ്ടായിരുന്ന ബിജെപിക്കും പ്രതീക്ഷകള്‍ ഒട്ടും കുറവല്ല.
നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം തിങ്കളാഴ്ച ആണ് വോട്ടെടുപ്പ് നടക്കുക. അടുത്ത വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം.