മലപ്പുറം: കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ കുഞ്ഞാലിക്കുട്ടി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

സംഘടനാസംവിധാനത്തിലെ പിഴവുകള്‍ തിരുത്തണമെന്നും പ്രചാരണത്തില്‍ വീഴ്‌ചയുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ ചൂണ്ടിക്കാട്ടിയ അവസ്ഥയുമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് തിരുത്തലിന് കോണ്‍ഗ്രസും മുന്നണിയും ആലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ത്രികോണ മൽസരങ്ങളില്‍ സ്വീകരിക്കേണ്ട അടവുനയത്തെക്കുറിച്ചും ആലോചന വേണമെന്നും കെ.എം.മാണിയ്ക്കും കേരള കോണ്‍ഗ്രസ് എമ്മിനും പ്രചാരണത്തിനുള്ള വേണ്ടത്ര സമയം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തിളക്കമാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്. സജി ചെറിയാന്‍ 20,956 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 67,303 വോട്ടുകളാണ് സജി ചെറിയാന്‍ നേടിയത്. 2016 ലെ ചെങ്ങന്നൂരിലെ എല്‍ഡിഎഫ് ഭൂരിപക്ഷവും സജി ചെറിയാന്‍ മറികടന്നു. അന്ന് എല്‍ഡിഎഫിന്റെ കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് കിട്ടിയത് 7,983 ന്റെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

46,347 വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ രണ്ടാം സ്ഥാനത്തും 35,270 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥി പി.സ്.ശ്രീധരന്‍പിളള മൂന്നാം സ്ഥാനത്തുമെത്തി. യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ചെങ്ങന്നൂരില്‍ നേരിടേണ്ടി വന്നത്. ഇരുമുന്നണികള്‍ക്കും പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് വളരെയേറെ കുറയുകയും ചെയ്തു.

മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയാനാട്, വെണ്മണി എന്നീ പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും സജി ചെറിയാന്‍ വ്യക്തമായ ലീഡ് നേടിയാണ് വിജയിച്ചത്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലെല്ലാം സജി ചെറിയാന്‍ മേല്‍ക്കൈ നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ