ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രചാരണത്തിന് ഉപയോഗിക്കുന്ന ഫ്ലക്സുകൾ തനിക്ക് തന്ന് സഹായിക്കണമെന്ന് ഇടത് സ്ഥാനാർത്ഥി സജി ചെറിയാന്റെ അഭ്യർത്ഥന. ബിജെപി, കോൺഗ്രസ് സ്ഥാനാർത്ഥികളോടാണ് സജി ചെറിയാൻ അഭ്യർത്ഥന നടത്തിയത്.

കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കൃഷി ആവശ്യത്തിന് ഗ്രോ ബാഗുകൾ നിർമ്മിക്കാനുളള സഹായമാണ് തേടിയത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടത്തിയ ഹരിത സംവാദത്തിലാണ് ഇടത് സ്ഥാനാർത്ഥിയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാൻ ഈ ആവശ്യം ഉന്നയിച്ചത്.

കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ചെയർമാനാണ് ഇദ്ദേഹം. വീടുകളിലും ഓഫീസുകളിലും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി കരുണ കെയർ സൊസൈറ്റി ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്.

ഈ പദ്ധതിക്കായി ഗ്രോ ബാഗുകൾ നിർമ്മിക്കുന്നതിനാണ് ഫ്ലക്സുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടതുസ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയ്ക്ക് വൻ കരഘോഷമാണ് വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ