Chengannur By Election Results 2018: ചെങ്ങന്നൂർ: കോൺഗ്രസിനെ തോൽപ്പിക്കാൻ എൽഡിഎഫ്-ബിജെപി ഒന്നിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ. പരമ്പരാഗത യുഡിഎഫ് ശക്തികേന്ദ്രങ്ങൾ എൽഡിഎഫ് പിടിച്ചെടുത്തു. ധാരണയനുസരിച്ചോ അല്ലാതെയോ യുഡിഎഫ് വോട്ടുകൾ നഷ്ടമായി. വ്യാപകമായി കളളവോട്ട് നടന്നു. ഇത് തടയാനായില്ല. കോൺഗ്രസിന് വീഴ്‌ച പറ്റി. താഴെ തട്ടിൽ പ്രതിരോധിക്കാൻ ആളുണ്ടായില്ല. കോൺഗ്രസിന് വോട്ടു കുറഞ്ഞതിന്റെ കാരണം പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാർത്ഥി പി.എസ്.ശ്രീധരൻപിളള ആരോപിച്ചു. ധനധാരാളിത്തമാണ് എൽഡിഎഫിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിൽ തുടക്കം മുതൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനാണ് മുന്നിട്ടുനിന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെല്ലാം സജി ചെറിയാൻ ലീഡ് ഉയർത്തി. ഒരിക്കൽപ്പോലും അദ്ദേഹത്തിന്റെ ലീഡ് താഴെ പോയില്ല. യുഡിഎഫ് തങ്ങൾക്ക് അനുകൂലമാകുന്ന കരുതിയിരുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളും ഇക്കുറി സജി ചെറിയാന് ഒപ്പം നിന്നു.
മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പകരക്കാരനായി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെയാണ് പാർട്ടി നിയോഗിച്ചത്. യുഡിഎഫ് മുതിർന്ന നേതാവ് ഡി.വിജയകുമാറിനെ മത്സരിപ്പിച്ചപ്പോൾ, അഡ്വ പി.എസ്.ശ്രീധരൻ പിളള വീണ്ടും ബിജെപി സ്ഥാനാർത്ഥിയായി.