scorecardresearch
Latest News

Chengannur By Election Results 2018 Live Updates: ചെങ്ങന്നൂരിൽ ചരിത്ര വിജയം നേടി സജി ചെറിയാൻ; വിജയാഘോഷത്തിൽ എൽഡിഎഫ്

Chengannur Bypoll Results 2018, Kerala Chengannur By Election Result 2018Live Updates: ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ മൂന്ന് കക്ഷികളും വിജയം പ്രതീക്ഷിക്കുന്നുണ്ട്

Chengannur By Election Results 2018 Live Updates: ചെങ്ങന്നൂരിൽ ചരിത്ര വിജയം നേടി സജി ചെറിയാൻ; വിജയാഘോഷത്തിൽ എൽഡിഎഫ്
ചിത്രം കടപ്പാട് / ഫെയ്സ്ബുക്ക്

Chengannur By Election Results 2018 Live Updates: ചെ​​​ങ്ങ​​​ന്നൂ​​​ർ: ചെ​​​ങ്ങ​​​ന്നൂ​​​രിൽ ഉപതിരഞ്ഞെടുപ്പിലെ ജനവിധി ഇടതുപക്ഷത്തിന് അനുകൂലം. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കം മുതൽ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ മുന്നേറി. 

മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.​​​കെ.രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​രു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​ന്ന​​​ത്.  പകരക്കാരനായി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെയാണ് പാർട്ടി നിയോഗിച്ചത്.

യുഡിഎഫ് മുതിർന്ന നേതാവ് ഡി.വിജയകുമാറിനെ മത്സരിപ്പിച്ചപ്പോൾ, അഡ്വ പി.എസ്.ശ്രീധരൻ പിളള വീണ്ടും ബിജെപി സ്ഥാനാർത്ഥിയായി. ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുളള മണ്ഡലത്തിൽ മൂന്ന് പേരും വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ ജനം ബാലറ്റിൽ ഒളിപ്പിച്ചത് ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമായ തീരുമാനമാണ്.

Chengannur By Election Results 2018 Live Updates:വോട്ടെണ്ണലിന്റെ ഏറ്റവും പുതിയ വിവരങ്ങൾ

1.00 pm:

12.55 pm: ഇടതുപക്ഷത്തിന്റെ ജനവിശ്വാസം വർദ്ധിച്ചുവെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ട സംഭവങ്ങളെ വച്ച് സർക്കാർ അക്രമികളുടെ പക്ഷത്താണെന്ന് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങളുടെ ശ്രമത്തിന് കൂടിയുളള തിരിച്ചടിയാണ് ജനവിധിയെന്നും മുഖ്യമന്ത്രി പറഞ്ഞുു.

12.53 pm: പ്രതിപക്ഷ നേതാവ് ഈ സർക്കാരിനെതിരെ പറഞ്ഞുവിടുന്ന അപവാദങ്ങൾ അദ്ദേഹത്തിന്റെ വീടിന് ചുറ്റിലും ഉളളവർ പോലും അംഗീകരിക്കുന്നില്ല. അദ്ദേഹത്തിന്റെ പഞ്ചായത്തിൽ 2000 വോട്ടിന്റെ ഭൂരിപക്ഷം നേടി. അദ്ദേഹത്തിന്റെ ബൂത്തിൽ 200 ഓളം വോട്ടിന്റെ ഭൂരിപക്ഷം സജി ചെറിയാന് ലഭിച്ചു. അതായത് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താനുളള ശ്രമത്തിൽ നിന്ന് ചെന്നിത്തല പിന്മാറണമെന്നും അദ്ദേഹത്തോട് ജനങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പിണറായി തുറന്നടിച്ചു.

12.50 pm: ഇടത് സർക്കാരിനെതിരെ അഴിച്ചുവിടുന്ന അപവാദ പ്രചരണങ്ങൾക്കെതിരായ തിരിച്ചടിയാണ് ഈ ജനവിധി. “ന്യൂസ് അവറിൽ കോട്ടിട്ട് ഇരുന്ന് പ്രസംഗിക്കുന്ന അവതാരകരല്ല വിധികർത്താക്കൾ, അത് ജനങ്ങളാണ്. അന്ന് നിങ്ങൾ ചിലരെന്നെ പുച്ഛിച്ചു. എന്നാലിപ്പോൾ ജനങ്ങൾ തന്നെ വിധി പറഞ്ഞിരിക്കുകയാണ്,” പിണറായി പറഞ്ഞു.

12.49 pm: ഇപ്പോഴത്തെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ജനങ്ങളിൽ നിന്ന് ലഭിച്ച പച്ചക്കൊടിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ഭരണത്തിൽ വന്നപ്പോൾ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇതിനെതിരായ ജനവിധിയാണ് ഇതെന്നും പിണറായി പറഞ്ഞു.

12.47 pm: ഇതുപക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ വന്ന വർദ്ധന, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറയിലുണ്ടായ വ്യാപ്തിയും ശക്തിയും തെളിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒപ്പമില്ലാതിരുന്ന വലിയൊരു ജനവിഭാഗം ഇടതുപക്ഷത്തിനൊപ്പം വന്നു. ഇത്തരത്തിൽ പുതിയതായി വന്ന ആളുകളെ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ച് മുന്നോട്ട് പോകുന്നതിന് ജനങ്ങൾ നൽകിയ പിന്തുണ കൂടിയാണിത്,” പിണറായി വിജയൻ പറഞ്ഞു.

12.46 pm: “രാഷ്ട്രീയ വേർതിരിവുകൾക്ക് മേലെ വികസന താത്പര്യം ജനങ്ങളെ ഒന്നിപ്പിച്ച് നിർത്തുന്നുണ്ട്. ജാതി-മത വേർതിരിവുകളുടെ പേരിൽ വിഭജനത്തിന് ഇനി സാധ്യതയില്ലെന്ന് ജനവിധി തെളിയിക്കുന്നു. പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തിൽ രൂപപ്പെട്ട് വന്നിരിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

12.44 pm: മണ്ഡലത്തിൽ എൽഡിഎഫിന് 2016 ലേതിനേക്കാൾ വോട്ട് ഉയർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “ജനങ്ങളാണ് ആത്യന്തിക വിധികർത്താക്കൾ. ജനങ്ങൾ വിധിപറഞ്ഞത്, എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കുളള അഭൂതപൂർവ്വവും അതിഗംഭീരവുമായ പിന്തുണയാണ്. അതിശക്തമായ അസത്യപ്രചാരണങ്ങൾക്കിടയിലും സത്യം ജനങ്ങൾ മനസിലാക്കി,” പിണറായി പറഞ്ഞു.

12.20 pm: മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും ഇടത് സ്ഥാനാർത്ഥി ലീഡ് നേടി. ഒരിടത്തും എതിർസ്ഥാനാർത്ഥികൾക്ക് സജി ചെറിയാന് വെല്ലുവിളി സൃഷ്ടിക്കാനായില്ല.

12.19 pm: 182 വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോൾ ചെങ്ങന്നൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സജി ചെറിയാൻ 20956 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സജി ചെറിയാന് 67303 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിന് 46347 വോട്ടും ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിളളയ്ക്ക് 35270 വോട്ടും ലഭിച്ചു.

12.17 pm: കൂടുതൽ പേരെ ഇടതുപക്ഷത്തേക്ക് ആകർഷിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അതേസമയം ചെങ്ങന്നൂരിൽ ഇടതുസ്ഥാനാർത്ഥിയുടെ ലീഡ് 20000 കടന്നു.

12.15 pm: ദേശീയ പാത വികസനം, ഗെയ്ൽ വാതക പൈപ്പ്ലൈൻ, നോക്കുകൂലി, ടൂറിസം രംഗം തുടങ്ങിയ വിഷയങ്ങളിലെ സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാട് ജനങ്ങളിൽ മതിപ്പുളവാക്കി. വർഗ്ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് കേരളം ഒരിക്കൽ കൂടി ചെങ്ങന്നൂരിലെ വിജയത്തിലൂടെ തെളിയിച്ചുവെന്നും കോടിയേരി പറഞ്ഞു.

12.11 pm: ബിജെപി നേതാക്കളായ അമിത് ഷായും മറ്റും കേരളത്തിൽ നിന്ന് സിപിഎമ്മിനെ ഇല്ലാതാക്കുമെന്നാണ് പറഞ്ഞത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പാർലമെന്റ് സീറ്റിലും ബിജെപി ജയിക്കുമെന്നായിരുന്നു അവർ പ്രചരിപ്പിച്ചത്. അതിന്റെ തുടക്കമാകും ചെങ്ങന്നൂർ എന്ന് അവർ പറഞ്ഞു. ഓരോ ബൂത്തിലും ലക്ഷക്കണക്കിന് രൂപയാണ് ബിജെപി നേതാക്കൾ ഇറക്കിയത്. കേന്ദ്രമന്ത്രിമാർ ക്യാപ് ചെയ്തു. ഇതെല്ലാം ചെയ്തിട്ടും ബിജെപിയുടെ വോട്ട് കുറഞ്ഞത് അവരുടെ വർഗ്ഗീയ രാഷ്ട്രീയത്തെ ജനങ്ങൾ എതിർക്കുന്നത് കൊണ്ടാണ് എന്ന് കോടിയേരി പറഞ്ഞു.

12.09 pm: ഈ തോൽവി പ്രതിപക്ഷത്തിന്റെ വിലയിരുത്തലായി കണ്ട് പ്രതിപക്ഷ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുമോയെന്നും കോടിയേരി ചോദിച്ചു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എല്ലാ നേതാക്കളും ഒരുമിച്ച് പ്രവർത്തിച്ചിട്ടും തോറ്റുപോയി. കേരള രാഷ്ട്രീയത്തിൽ യുഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെട്ടതായി കോടിയേരി പറഞ്ഞു.

12.08 pm: ആർഎസ്എസിനെ മൃദു ഹിന്ദുത്വം കൊണ്ട് നേരിട്ടത് കൊണ്ടാണ് കോൺഗ്രസ് ചെങ്ങന്നൂരിൽ തോറ്റതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത് പ്രതിപക്ഷത്തിന്റെ വിലയിരുത്തലാണെന്ന പ്രസ്താവനയിൽ ഉമ്മൻ ചാണ്ടി ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്കാണ് വിജയം.

12.05 pm: ചെങ്ങന്നൂരിൽ 166 ബൂത്തിൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ സജി ചെറിയാന് ലീഡ് 18000 കടന്നു.

12.00 pm: ചെങ്ങന്നൂരിൽ രാഷ്ട്രീയത്തേക്കാളുപരി ചില അട്ടിമറികളും അടിയൊഴുക്കുകളും ഉണ്ടായിട്ടുണ്ടെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെഎം മാണി.

11.51 am: ചെങ്ങന്നൂരിൽ തങ്ങളുടെ സ്ഥാനാർത്ഥിക്ക് ലഭിച്ച മികച്ച ഭൂരിപക്ഷം പിണറായി വിജയൻ സർക്കാരിനും ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

11.48 am: ചെങ്ങന്നൂരിൽ ചരിത്രം കുറിച്ച് ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ. അദ്ദേഹം 1987 ലെ മാമ്മൻ ഐപ്പ് നേടിയ വിജയം മറികടന്നു. 15788 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുളളത്. 1987 ൽ എൻഡിപിപി സ്ഥാനാർത്ഥി ആർ രാമചന്ദ്രൻ നായർക്കെതിരെ 15703 വോട്ടിന്റെ ഭൂരിപക്ഷമാണ് മാമൻ ഐപ് നേടിയത്.

11.45 am: ചെങ്ങന്നൂരിൽ 148 ബൂത്തുകളിലെ ഫലം പുറത്തുവരുമ്പോൾ സിപിഎം ആലപ്പുഴ മുൻ ജില്ല സെക്രട്ടറിയും ഇടത് സ്ഥാനാർത്ഥിയുമായ സജി ചെറിയാന് 15320 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

11.40 am: ചെങ്ങന്നൂരിൽ കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും നേടിയ വോട്ട് നില സജി ചെറിയാൻ മറികടന്നു. 147 ബൂത്തുകളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 53660 വോട്ടാണ് അദ്ദേഹം നേടിയിരിക്കുന്നത്.

11.35 am: ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് 50000 കടന്നു. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കോൺഗ്രസിന്റെ ഡി വിജയകുമാറിനെക്കാൾ ഇപ്പോൾ 14164 വോട്ടിന്റെ ഭൂരിപക്ഷം ഇടതുസ്ഥാനാർത്ഥിക്കുണ്ട്.

11.33 am: ചെങ്ങന്നൂരിൽ ആകെയുളള 182 ബൂത്തിൽ 134 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോൾ സിപിഎം ലീഡ് 13581 വോട്ടായി.

11.18 am: ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജിന് മുന്നിൽ ഒഴുകിയെത്തിയ സിപിഎം പ്രവർത്തകർക്കൊപ്പം സജി ചെറിയാൻ. ഭൂരിപക്ഷം 11423 ആയി.

11.17 am: ഇടതുപക്ഷത്തിന് അനുകൂലമാണ് ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

11.15 am: സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചതെന്ന് രമേശ് ചെന്നിത്തല. “പച്ചയായ വർഗ്ഗീയതയാണ് ചെങ്ങന്നൂരിൽ പ്രചരിപ്പിച്ചത്. അത് നാടിന് ഗുണകരമായ പ്രചാരണമല്ല. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും. ചെങ്ങന്നൂരിൽ കൂടുതൽ കൂട്ടുത്തരവാദിത്വത്തോടെ കോൺഗ്രസ് പ്രവർത്തിച്ചു,” രമേശ് ചെന്നിത്തല പറഞ്ഞു.

11.10 am: ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ വിജയം ഉറപ്പിച്ചു. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിച്ച കേക്ക് മുറിച്ചും, ചുവന്ന ലഡു വിതരണം ചെയ്തും എൽഡിഎഫ് വിജയം ആഘോഷിക്കുന്നു.

11.06 am: ചെങ്ങന്നൂരിൽ രാഷ്ട്രീയ പ്രശ്‌നങ്ങൾക്കല്ല മുൻഗണന ലഭിച്ചത് മറ്റ് വിഷയങ്ങൾക്കാണെന്ന് ഉമ്മൻ ചാണ്ടി. അതിനാലാണ് തങ്ങളുടെ സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം നേടാൻ സാധിക്കാതെ പോയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

11.05 am: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെകെ രാമചന്ദ്രൻ നായർക്ക് മണ്ഡലത്തിൽ 7983 വോട്ടിന്റെ ലീഡാണ് ലഭിച്ചത്.

11.00 am: ചെങ്ങന്നൂരിൽ ഡി വിജയകുമാറിന്റെ നാട്ടിലും ഇടത് സ്ഥാനാർത്ഥി സജി ചെറിയാന്റെ മുന്നേറ്റം.

10.57 am: ഇതുവരെ വോട്ടെണ്ണിയ എല്ലാ പഞ്ചായത്തിലും സിപിഎം സ്ഥാനാർത്ഥിക്ക് ലീഡ്. ചെങ്ങന്നൂർ നഗരസഭയിലും സജി ചെറിയാന്റെ മുന്നേറ്റം.

10.55 am: കോണ്‍ഗ്രസിന്‍റെ സംഘടനാപരമായ ദൌര്‍ബല്യമാണ് പ്രശ്നമെന്ന് കോഴിക്കോട് എംപി, എം കെ രാഘവന്‍. “ജനങ്ങള്‍ അംഗീകരിക്കുന്നവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ കൊണ്ടുവരണം. ജനങ്ങള്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്നു. പക്ഷേ സംഘടനാപരമായി കോണ്‍ഗ്രസ് ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

10.50 am: ചെങ്ങന്നൂരിലെ ലീഡ് നില 10,357 ആയി.  തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം 94 ബൂത്തുകളിൽ നിന്ന് 9417 വോട്ടിന്റെ ലീഡാണ് സജി ചെറിയാനുളളത്.

10:47 am: മാന്നാർ, പാണ്ടനാട്, തിരുവൻ വണ്ടൂർ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും  മുളക്കുഴ പഞ്ചായത്തിലും ഇടത് സ്ഥാനാർത്ഥിക്ക് ലീഡ് ലഭിച്ചു. ബിജെപി, കോൺഗ്രസ് വോട്ടുകൾ ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമായി പോൾ ചെയ്യപ്പെട്ടതായി റിപ്പോർട്ട്.

10.46 am: സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലേക്ക് വോട്ടെണ്ണൽ കടക്കവെ, സിപിഎം സ്ഥാനാർത്ഥി ലീഡ് 9588 ആക്കി ഉയർത്തി.

10.44 am: കഴിഞ്ഞ തവണത്തേക്കാൾ മുളക്കുഴയിൽ ഇടതുപക്ഷത്തിന് വോട്ട് വർദ്ധന. മൂവായിരത്തിലേറെ വോട്ടിന് സജി ചെറിയാൻ ഇവിടെ മുന്നിലെത്തി. ഇതുവരെ ഉളളതിൽ ഏറ്റവും ഉയർന്ന ലീഡാണ് ഇവിടുത്തേത്.

10.34 am: ഏഴ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 8013 വോട്ടിന്റെ ലീഡാണ് ഇടതു സ്ഥാനാർത്ഥി നേടിയത്.

10.29 am: ഇടത് സ്ഥാനാർത്ഥി ചെങ്ങന്നൂരിൽ പ്രതീക്ഷിച്ചത് 8000 വോട്ടിന്റെ ലീഡ്. ആറാം റൗണ്ട് വോട്ടെണ്ണുമ്പോൾ തന്നെ ഈ ലീഡ് അദ്ദേഹം മറികടന്നു.

10.24 am: ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 7028 വോട്ടിന്റെ ലീഡ് നേടാനായി.

10.20 am: ഉത്തർപ്രദേശിലെ കൈറാനയിൽ പ്രതിപക്ഷ ഐക്യ സ്ഥാനാർത്ഥി ആർഎൽഡിയുടെ തബാസും ഹസൻ മുന്നേറുന്നു. ലീഡ് 10000 കടന്നു. അതേസമയം മഹാരാഷ്ട്രയിലെ പാൽഘറിൽ ശിവസേനയ്ക്ക് എതിരെയാണ് ബിജെപിയുടെ മത്സരം. ഇവിടെ ബിജെപി സ്ഥാനാർത്ഥിക്ക് 10000 വോട്ടിന്റെ ലീഡുണ്ട്. എന്നാൽ ഗോന്ദിയ സീറ്റിൽ എൻസിപിയാണ് ബിജെപി സ്ഥാനാർത്ഥിയെക്കാൾ മുന്നിലുളളത്. ഇവിടെ 3000 ത്തിലേറെ വോട്ടിന്റെ ലീഡുണ്ട്.

10.17 am: ചെങ്ങന്നൂരിൽ 63 ബൂത്തുകളിലെ ഫലം പുറത്തുവന്നപ്പോൾ സജി ചെറിയാന് 21589 വോട്ട് കിട്ടി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 16765 വോട്ടും ശ്രീധരൻ പിളളയ്ക്ക് 13271 വോട്ടുമാണ് ലഭിച്ചത്.

10.15 am: യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ട് പഞ്ചായത്തിലും ഇടതുസ്ഥാനാർത്ഥിക്ക് 498 വോട്ടിന്റെ ലീഡ് കിട്ടി.

10.14 am: യുഡിഎഫിന് മേൽക്കെെയുളള ചെങ്ങന്നൂർ നഗരസഭയിൽ ഇടതുസ്ഥാനാർത്ഥി സജി ചെറിയാന് വ്യക്തമായ ലീഡ്. ലീഡ് 6035 കടന്നു.

10.10 am: ആദ്യ നാല് റൗണ്ടുകളിലായി 56 ബൂത്തുകളിലെ വോട്ട് എണ്ണി കഴിഞ്ഞപ്പോൾ സിപിഎം സ്ഥാനാർത്ഥിക്ക് 4278 വോട്ടിന്റെ ലീഡ്. അഞ്ചാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചു.

10.09 am: മണ്ഡലത്തിൽ ഓരോ പാർട്ടി പ്രവർത്തകനും താനാണ് സ്ഥാനാർത്ഥിയെന്ന നിലയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെയും സഖ്യകക്ഷികളുടെയും നേതാക്കളെ പേരെടുത്ത് പറഞ്ഞ് സജി ചെറിയാൻ നന്ദി പറഞ്ഞു. ഈ വിജയം സർക്കാരിനും മുഖ്യമന്ത്രിക്കുമുളള ജനപിന്തുണയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

10.08 am: അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിറ്റിംഗ് ലോക്‌സഭാംഗം തിരിച്ചടി നേരിടുമെന്ന് സജി ചെറിയാൻ. പാർലമെന്റംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

10.05 am: ആളുകളെ വെറുപ്പിക്കുന്ന തരത്തിലുളള ആഘോഷ പരിപാടികൾ പാടില്ലെന്ന് സജി ചെറിയാൻ. വിവിധ രാഷ്ട്രീയ കക്ഷിയിൽ പെട്ട ആളുകൾ വോട്ട് ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ എല്ലാവരെയും ഉൾക്കൊണ്ടുളള ആഘോഷമേ പാടുളളൂവെന്നും അദ്ദേഹം പറഞ്ഞു.

10.01 am: സജി ചെറിയാന്റെ ലീഡ് 5112 വോട്ടാക്കി ഉയർത്തിയെന്ന് ചെങ്ങന്നൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും വിവരം ലഭിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

10.00 am: ചെങ്ങന്നൂരിൽ തിരുവൻ മണ്ടൂർ പഞ്ചായത്തിൽ ബിജെപിക്ക് ലീഡ് നഷ്ടപ്പെട്ടു. ജനപിന്തുണ സജി ചെറിയാന്. 200 ലേറെ വോട്ടിന്റെ ലീഡ്.

ചെങ്ങന്നൂരിൽ 45 ബൂത്തിലെ ഫലം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത് പ്രകാരം

9.56 am: “ചെങ്ങന്നൂരിന്റെ വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്തു. ഈ മുന്നേറ്റം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും ഉളള പിന്തുണ,” ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ.

9.55 am: ശോഭനാ ജോർജിന് 1991 ൽ സീറ്റു കൊടുത്തപ്പോൾ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച, 6 വർഷത്തേക്ക് കോൺഗ്രസ് പുറത്താക്കിയ, പി സി വിഷ്ണുനാഥിനെതിരെ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച, കഴിഞ്ഞ ജൂണിൽ ചെങ്ങന്നൂർകാർഷിക വികസന ബാങ്കിലേക്ക് വിമതനായി മത്സരിച്ച് ജയിച്ച, ഇപ്പോഴും ബാങ്ക് പ്രസിഡന്റായി തുടരുന്ന ആളെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്.

9.53 am: സജി ചെറിയാന്റെ ലീഡ് 4500 കടന്നു. ഇപ്പോൾ 4512 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിനുളളത്.

9.50 am: കേരള കോൺഗ്രസിന് മൂന്ന് അംഗങ്ങളുളള തിരുവൻ മണ്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് നേടാനായില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഈ പഞ്ചായത്തിൽ ബിജെപിയാണ് ഏറ്റവും വലിയ ശക്തി. കോൺഗ്രസ് രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാം സ്ഥാനത്തുമാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് കടുത്ത വെല്ലുവിളിയാണ് സജി ചെറിയാൻ ഉയർത്തിയത്.

9.48 am: തിരുവൻ മണ്ടൂരിൽ ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുളള ബൂത്തുകളിൽ അവർ ലീഡ് നിലനിർത്തി. ഈ പഞ്ചായത്തിൽ ഇടത് സ്ഥാനാർത്ഥി സജി ചെറിയാനെക്കാൾ 149 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി അധികം നേടി.

9.47 am: ബിജെപി ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫ് മുന്നേറ്റം. ലീഡ് 4132 ആക്കി ഉയർത്തി. മണ്ഡലത്തിലും ഇടത് തരംഗം. ഇതോടെ സംസ്ഥാന സർക്കാരിനും ആത്മവിശ്വാസം വർദ്ധിച്ചു.

9.42 am: വീണ്ടും ലീഡുയർത്തി സജി ചെറിയാൻ. 3838 വോട്ടിന്റെ ലീഡായി സിപിഎം സ്ഥാനാർത്ഥിക്ക്. നാലാം റൗണ്ടിൽ ഒരേയൊരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥി മുന്നിലെത്തി.

9.39 am: ഉമ്മൻചാണ്ടിയുടെ പിതാവിന്റെ വീടിരിക്കുന്ന വളളക്കാൽ ഭാഗത്തെ ബൂത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 77 വോട്ടിന്റെ ലീഡ്.

9.37 am: കൈറാനയിൽ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മൃഗംഗ സിംഗിനെതിരെ രാഷ്ട്രീയ ലോക്‌ദൾ സ്ഥാനാർത്ഥി തബാസും ഹസന് 3000 ത്തിലേറെ വോട്ടിന്റെ ലീഡ്.

9.35 am: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ നടത്തിയത്. ഇത് കോൺഗ്രസിന്റെ സംഘടനാ ദൗർബല്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ.

9.33 am: ചെങ്ങന്നൂർ നഗരസഭയിലെ വോട്ടെണ്ണുന്നതിന് മുൻപ് സജി ചെറിയാന്റെ ലീഡ് കുറയുന്നു. 3127 വോട്ടിലേക്ക് ഭൂരിപക്ഷം താഴ്‌ന്നു.

9.30 am: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ വോട്ട് സിപിഎം വാങ്ങിയെന്ന് ബിജെപി സ്ഥാനാർത്ഥി അഡ്വ പിഎസ് ശ്രീധരൻ പിളള. എന്നാൽ ബിജെപി വോട്ടാണ് മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിക്ക് പോയതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാർ.

9.25 am: സജി ചെറിയാൻ ഒരു ഘട്ടത്തിൽ പോലും മറ്റ് സ്ഥാനാർത്ഥികളുടെ വെല്ലുവിളിയ്ക്ക് കീഴടങ്ങിയില്ല. അദ്ദേഹം തുടക്കത്തിൽ നേടിയ ലീഡ് തുടർച്ചയായി ഉയർത്തിയിരിക്കുകയാണ്. മൂന്നാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ 4012 വോട്ടിന്റെ ലീഡാക്കി മാറ്റി.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വോട്ട് നില. ആദ്യ 17 ബൂത്ത്

9.20 am: ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിളളയുടെ വോട്ടിലും വലിയ കുറവാണ് കാണുന്നത്. ആദ്യ രണ്ട് റൗണ്ടുകളിൽ ബിജെപി സ്ഥാനാർത്ഥിയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞു.

9.17  am: രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 2,950 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നതായി വിവരം

9.12  am: യുഡിഎഫ് ശക്തികേന്ദ്രങ്ങളായ മാന്നാറിലും പാണ്ടനാടിലും എൽഡിഎഫ് മുന്നേറ്റം. ചെങ്ങന്നൂരില്‍ മുളക്കുഴ, ബുധനൂര്‍, ചെറിയനാട് പഞ്ചായത്തുകള്‍ ഒഴികെ ബാക്കി 7 പഞ്ചായത്തുകളും ചെങ്ങന്നൂർ നഗരസഭയും യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുള്ള പഞ്ചായത്തുകളും നഗരസഭയുമാണ്.

9.05  am: ആദ്യ റൗണ്ടിൽ സിപിഎം സ്ഥാനാർത്ഥി ഒന്നാമതെത്തി. കോൺഗ്രസ് സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തുമാണ്.

9.00 am: മാന്നാർ പഞ്ചായത്തിൽ സജി ചെറിയാന്റെ ജനപിന്തുണ ഇടതുപക്ഷത്തിന്റെ കണക്കുകൾ പോലും മറികടന്നു. ലീഡ് 2600 കടന്നതായാണ് ഏറ്റവും പുതിയ വിവരം. 2692 വോട്ടിന്റെ ലീഡാണ് ഇപ്പോൾ അദ്ദേഹത്തിനുളളത്.

8.57 am: കോൺഗ്രസിന്റെ ബൂത്ത് തല പ്രവർത്തനം വളരെ മോശമായിരുന്നുവെന്നാണ് ഇന്നലെ ഡി വിജയകുമാർ പറഞ്ഞത്. എങ്കിലും താൻ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ആദ്യ റൗണ്ട് ഫല സൂചനകൾ അദ്ദേഹത്തിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നു. ഇവിടെ യുഡിഎഫിന് നിർണ്ണായക സ്വാധീനമുളള മാന്നാർ ടൗണിലടക്കം സജി ചെറിയാൻ മുന്നിലെത്തിയത് കോൺഗ്രസിന് തിരിച്ചടിയായി.

8.53 am: ചെങ്ങന്നൂരിൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചു. ഈ റൗണ്ടിൽ മാന്നാർ പഞ്ചായത്തിലെ ഒൻപത് ബൂത്തിലും പാണ്ടനാട് പഞ്ചായത്തിലെ അഞ്ച് ബൂത്തിലെയും വോട്ടുകളാണ് എണ്ണുന്നത്.

8.52 am: ചെങ്ങന്നൂരിൽ ആദ്യ റൗണ്ടിൽ 1324 വോട്ടുകളുടെ ലീഡ് സജി ചെറിയാൻ നേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വിവരം.

8.50 am: ചെങ്ങന്നൂരിൽ സിപിഎം ആദ്യ റൗണ്ടിൽ അഞ്ഞൂറോളം വോട്ടിന്റെ ലീഡ് മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാൽ പലയിടത്തും സിപിഎം സ്ഥാനാർത്ഥിക്ക് തങ്ങൾ പ്രതീക്ഷിച്ചതിനെക്കാൾ മികച്ച മുന്നേറ്റം നടത്താനായി.

8.45 am: ആദ്യ 14 ബൂത്തിൽ 4867 വോട്ടാണ് സജി ചെറിയാന് ലഭിച്ചത്. 3643 വോട്ടാണ് തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ഡി വിജയകുമാറിന് ലഭിച്ചത്. 2563 വോട്ട് പിഎസ് ശ്രീധരൻ പിളളയും നേടി.

8.41 am: താൻ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് ചെങ്ങന്നൂരിൽ ആദ്യ റൗണ്ടിൽ തന്നെ നേടിയത്. താൻ പറഞ്ഞ ഭൂരിപക്ഷത്തിനും അപ്പുറത്തേക്ക് കാര്യങ്ങൾ പോകുമെന്ന് സജി ചെറിയാന്റെ പ്രതികരണം.

“യുഡിഎഫിന് ശക്തമായ വോട്ടുളള മേഖലയിൽ തനിക്ക് ലീഡ് നേടാനായി,” സജി ചെറിയാൻ പറഞ്ഞു. ആദ്യ ബൂത്തിൽ 115 വോട്ടാണ് പ്രതീക്ഷിച്ചത്.  അവിടെ 90 വോട്ടാണ് ലഭിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു.

8.39 am: കഴിഞ്ഞ തവണ കെകെ രാമചന്ദ്രൻ നായർക്ക് 400 വോട്ടുകളുടെ ലീഡ് ലഭിച്ച പഞ്ചായത്തിലാണ് സജി ചെറിയാന്റെ ശക്തമായ മുന്നേറ്റം. ഒന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സജി ചെറിയാൻ ലീഡ് 1595 ആക്കി ഉയർത്തി.

8.38 am: മാന്നാറിൽ വൻ മുന്നേറ്റം നടത്തി സജി ചെറിയാൻ. 13 ബൂത്തുകളിലെ വോട്ട് വിവരം ലഭ്യമായപ്പോൾ സജി ചെറിയാന് 1300 വോട്ടിന്റെ ലീഡ്.

8.33 am: ഏഴ് ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സജി ചെറിയാന്റെ ലീഡ് 189 ആയി കുറഞ്ഞു.

8.31 am: മാന്നാറിലെ അഞ്ച് ബൂത്തുകളിലെ വോട്ടെണ്ണൽ വിവരം ലഭ്യമായപ്പോൾ സിപിഎം സ്ഥാനാർത്ഥി ലീഡ് 310 ആക്കി ഉയർത്തി.

സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ

8.29 am: മാന്നാറിലെ ആദ്യ മൂന്ന് ബൂത്തുകളിൽ വോട്ടെണ്ണിയപ്പോഴാണ് ഇടത് സ്ഥാനാർത്ഥി മുന്നിലെത്തിയത്. ഇത് യുഡിഎഫിനും ബിജെപിക്കും സ്വാധീനമുളള പ്രദേശമാണ്. ലീഡ് 189 ആക്കി ഉയർത്തി.

8.27 am: മാന്നാറിലെ രണ്ട് ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോഴാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി സജി ചെറിയാൻ മുന്നിലെത്തിയത്.

8.25 am: ആദ്യ ഫല സൂചന എൽഡിഎഫിന് അനുകൂലം. 154 വോട്ടുകൾക്ക് സജി ചെറിയാൻ മുന്നിലെന്നാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

8.20 am: ചെങ്ങന്നൂരിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി. ആകെ 12 പോസ്റ്റൽ വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം 40 സർവ്വീസ് വോട്ടുകളും എണ്ണി. ഇതിന് പിന്നാലെ മാന്നാർ പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടെണ്ണൽ തുടങ്ങി.

8.14 am: ആകെ 17 സ്ഥാനാർത്ഥികളാണ് ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നത്.

8.10 am: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിക്കുന്നു. മാന്നാർ പഞ്ചായത്തിലെ 23 ബൂത്തുകളിൽ 14 ബൂത്തുകളിലാണ് ആദ്യ റൗണ്ടിൽ വോട്ടെണ്ണുക.

8.05 am: നേരിയ ഭൂരിപക്ഷത്തിനാണ് സ്ഥാനാർത്ഥികൾ വിജയിക്കുന്നതെങ്കിൽ ഫലം കോടതി കയറും. പോസ്റ്റൽ വോട്ടുകൾ, തപാൽ ജീവനക്കാരുടെ സമരം മൂലം വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയിട്ടില്ലെന്നാണ് കരുതുന്നത്.

8.02 am: കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വിജയിയെ ഉടൻ അറിയാം. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. മാന്നാർ, പാണ്ടനാട്, തിരുവണ്ടൂർ, ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ പഞ്ചായത്ത്, ആല എന്നിങ്ങനെയാണ് വോട്ടെണ്ണൽ പുരോഗമിക്കുക.

8.00 am: ചെങ്ങന്നൂരിൽ വോട്ടെണ്ണാനുളള നടപടിക്രമങ്ങളിലേക്ക് ഉദ്യോഗസ്ഥർ കടന്നു. വോട്ടിംഗ് മെഷീനുകൾ വോട്ടെണ്ണുന്നതിനുളള മുറിയിലേക്ക് എത്തിച്ചു.

7.52 am: മാന്നാർ പഞ്ചായത്തിലെ ആദ്യ 14 ബൂത്തുകളിൽ വോട്ടെണ്ണൽ നടക്കും. ഇവിടെ സിപിഎം ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഡ് നേടിയത്.

7.50 am: 40 സർവ്വീസ് വോട്ടുകളാണ് ലഭിച്ചത്. എത്ര പോസ്റ്റൽ വോട്ടുകൾ പോസ്റ്റ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നുവെന്ന് വ്യക്തമല്ല. പോസ്റ്റൽ ജീവനക്കാരുടെ സമരത്തെ തുടർന്ന് പോസ്റ്റൽ വോട്ടുകൾ പൂർണ്ണമായി എത്തിയോ എന്ന് അറിയില്ല.

7.46 am: വോട്ടെണ്ണലിനുളള നടപടി ക്രമങ്ങൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ചു.  സ്ട്രോംഗ് റൂം തുറന്നു.

7.40 am: രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 76.26 ശതമാനം.

7.25 am: ആകെയുള്ള 797 തപാല്‍ വോട്ടുകളില്‍ 12 എണ്ണം മാത്രമാണ് ഇതുവരെ എത്തിയത്. തപാല്‍ സമരം പോസ്റ്റല്‍ വോട്ടുകളെ ബാധിച്ചു.

7.10 am: കഴിഞ്ഞ തവണ സിപിഎമ്മിന്റെ കെകെ രാമചന്ദ്രൻ സിറ്റിംഗ് എംഎൽഎയായ പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയ മണ്ഡലമാണിത്. ഒൻപത് തവണ കോൺഗ്രസും അഞ്ച് തവണ സിപിഎമ്മും മണ്ഡലത്തിൽ വിജയം നേടിയിട്ടുണ്ട്.

7.00 am: യു​​​പി​​​യി​​​ലെ കൈ​​​റാ​​​ന, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പാ​​​ൽ​​​ഘ​​​ർ, ഭ​​​ണ്ഡാ​​​ര-​​​ഗോ​​​ണ്ടി​​​യ, നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ലെ നാ​​​ഗാ​​​ലാ​​​ൻ​​​ഡ് ലോ​​​ക്സ​​​ഭാമ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മറ്റ് ഒൻപത് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും വോ​​​ട്ടെ​​​ണ്ണലും ഇന്നാണ്.

6.30 am: 13 റൗ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി വോ​​​ട്ടെ​​​ണ്ണ​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​കും. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം പോസ്റ്റൽ വോട്ടുകളാവും എണ്ണുക.

6.00 am: മെയ് 28നാ​​​യി​​​രു​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പ്. 199340 വോട്ടർമാരിൽ 1,51,977 പേർ (76.25 ശ​​​ത​​​മാ​​​നം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാൾ 6,479 വോ​​​ട്ടു​​​ക​​​ളാ​​​ണ് ഇത്തവണ അധികമായി പോൾ ചെയ്തത്.

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Chengannur bypoll by election results 2018 live updates saji cherian d vijayakumar ps sreedharan pillai cpm congress bjp