Chengannur By Election Results 2018: ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ മേൽക്കെ നേടി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ലീഡ് ചെയ്യുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാർത്ഥി പി.എസ്.ശ്രീധരൻപിളള മൂന്നാം സ്ഥാനത്തുമാണ്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ സജി ചെറിയാൻ ലീഡ് നിലനിർത്തിയിരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ സജി ചെറിയാൻ വ്യക്തമായ ലീഡ് ഉയർത്തി. രണ്ടാം റൗണ്ടിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിൽ സജി ചെറിയാൻ ലീഡ് ഉയർത്തി. ഈ രണ്ടു പഞ്ചായത്തുകളും യുഡിഎഫ് ഏറെ പ്രതീക്ഷിച്ചിരുന്നവയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാന്നാറിൽ യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടിയിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ യുഡിഎഫിന് അനുകൂലമല്ലെന്നാണ് മാന്നാറിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വ്യക്തമാകുന്നത്.
മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പകരക്കാരനായി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെയാണ് പാർട്ടി നിയോഗിച്ചത്. യുഡിഎഫ് മുതിർന്ന നേതാവ് ഡി.വിജയകുമാറിനെ മത്സരിപ്പിച്ചപ്പോൾ, അഡ്വ പി.എസ്.ശ്രീധരൻ പിളള വീണ്ടും ബിജെപി സ്ഥാനാർത്ഥിയായി. ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുളള മണ്ഡലത്തിൽ മൂന്ന് പേരും വിജയപ്രതീക്ഷയിലാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.