Chengannur Bypoll 2018 Live Updates: ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതി. കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവുനികത്താന്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയായി സജി ചെറിയാനും യുഡിഎഫ് സ്ഥനാര്‍ഥിയായി ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥിയായി പിഎസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ഇനി മെയ് 31 ന് വോട്ടെണ്ണുന്നത് വരെ കാത്തിരിക്കാം.

2016-ലേതു പോലെ ത്രികോണമത്സരമാണ് ഇക്കുറിയും ചെങ്ങന്നൂരില്‍ നടന്നത്. സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് എല്‍.ഡി.എഫ്. തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും. അതേസമയം, മണ്ഡലത്തിൽ ആദ്യ വിജയം എന്ന അവകാശവാദത്തിലാണ് എന്‍.ഡി.എ.. ശക്തമായ പ്രചരണങ്ങളായിരുന്നു ചെങ്ങന്നൂരില്‍ നടന്നത്. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്.

ആകെ 17 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 164 വോട്ടെടുപ്പു കേന്ദ്രങ്ങളം 17 സഹായ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും രണ്ടു വോട്ടിങ് യന്ത്രങ്ങള്‍ വീതമുണ്ടാവും.

6.40 pm: ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ വിധിയെഴുതി. ഇനി മൂന്ന് നാൾ നീളുന്ന കാത്തിരിപ്പ്. മെയ് 31 ന് ചെങ്ങന്നൂരിലെ അടുത്ത എംഎൽഎ ആരെന്നറിയാം.

6.30 pm: ചെങ്ങന്നൂരിൽ റെക്കോഡ് പോളിങ്. മഴയെ തോൽപ്പിച്ച് 76 ശതമാനത്തിലേറെ പേർ വോട്ട് ചെയ്യാനെത്തിയതായാണ് വിവരം.

6.00 pm: ചെങ്ങന്നൂരിൽ പോളിങ് അവസാന ലാപ്പിൽ. ആറരയോടെ നമുക്ക് പോളിങ്ങ് ശതമാനം അറിയാനാകും.

5.10 pm: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് ഈ മാതൃകാ പോളിങ് സ്റ്റേഷനായിരുന്നു. മെഡിക്കൽ സംഘവും മുലയൂട്ടാനുളള മുറിയും, പോളിങിനെത്തുന്നവർക്ക് ഇരിക്കാൻ ഇരിപ്പിടവും അടക്കം വലിയ സജ്ജീകരണമാണ് ഇവിടെ ഒരുക്കിയത്.

5.00 pm: ചെങ്ങന്നൂരിൽ ജനങ്ങൾ ശക്തമായ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നു. മണ്ഡലത്തിൽ ഇതുവരെ 75.4 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.

4.24 pm: ചെങ്ങന്നൂരിൽ പോളിങ് കുതിച്ചുയരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഇപ്പോൾ പോളിങ് 70 ശതമാനം പിന്നിട്ടതായാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം.

4.00 Pm: കോട്ടയത്ത് കാണാതായ നവവരൻ കെവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടർന്നത് സിപിഎമ്മിന് തലവേദനയായി. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ നിന്ന് ഇതാദ്യമായല്ല ആരോപണം നേരിടുന്നത്. അതിനാൽ തന്നെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ ഇത് തങ്ങളെ തിരിഞ്ഞുകുത്തുമെന്ന പേടിയിലാണ് ഇടതുപക്ഷം.

3.24 pm: പോളിങ് 64 ശതമാനം കടന്നു.

2. 57 pm: ചെങ്ങന്നൂരില്‍ വോട്ടിങ് തുടരുകയാണ്. ഏറിയും കുറഞ്ഞും മഴ പെയ്യുന്നുണ്ടെങ്കിലും വോട്ടർമാർ ബൂത്തികളില്‍ എത്തുന്നതില്‍ കുറവില്ല. പോളിങ് ശതമാനം 56 കടന്നിട്ടുണ്ട്.

2.18 pm: പോളിങ് 55 ശതമാനത്തിലേക്ക് അടുക്കുന്നു.

2.10 pm: പോളിങ് 50 ശതമാനം കടന്നു.

1.32 pm: പോളിങ് 50 ശതമാനത്തിലേക്ക് അടുക്കുന്നു. മഴ കുറഞ്ഞിട്ടുണ്ട്. പോളിങ് 48 ശതമാനത്തിലെത്തി.

1.15 pm: പോളിങ് 40 ശതമാനം കടന്നു. ഒരിടത്ത് തിരക്കിനെ ചൊല്ലി തർക്കം. പൊലീസ് ഇടപെട്ട് പരിഹരിച്ചു.

12.45 pm: മഴ ഇപ്പോഴും ചെങ്ങന്നൂരില്‍ തുടരുകയാണ്. എന്നാല്‍ പോളിങിനെ മഴ കാര്യമായ രീതിയില്‍ ബാധിച്ചിട്ടില്ല. മിക്ക ബൂത്തിലും പോളിങ് 50 ശതമാനത്തിനോട് അടുക്കുകയാണ്.

12.30 pm: കല്ലിശ്ശേരി സ്‌കൂളിലെ 38ാം നമ്പര്‍ ബൂത്തില്‍ രണ്ട് മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. ഇതോടെ 300 ല്‍ താഴെ വോട്ട് മാത്രമേ രേഖപ്പെടുത്താന്‍ സാധിച്ചുള്ളൂ. ആറ് വട്ടമാണ് വോട്ടിങ് തടസപ്പെട്ടത്.

ചെങ്ങന്നൂരില്‍ പോളിങ് ബൂത്തിന് മുന്നില്‍ കാത്തു നില്‍ക്കുന്ന വോട്ടർമാർ. ചിത്രം: സന്ദീപ്

12.09 pm: പോളിംഗ് 35 ശതമാനം കടന്നു.

11.30 am: പോളിംഗ് 33.3 ശതമാനമായി. ആര്‍ രാജേഷ് എംഎല്‍എ കൊല്ലകടവ് മുഹമ്മദന്‍സ് യുപി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 143 ല്‍ വോട്ട് രേഖപ്പെടുത്തി.

10.51 am: മഴ പോളിംഗിനെ ബാധിക്കുന്നുണ്ട്. ബൂത്തുകളില്‍ വോട്ടർമാർ എത്തുന്നത് കുറയുന്നുണ്ട്.

11.18 am: എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികള്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം 27 ആയി. അതേസമയം, തൃപ്പെരുന്തുറ ബൂത്ത്-130 ല്‍ പോളിംഗ് നിർത്തിവെച്ചു. മെഷീന്‍ തകരാറാണ് കാരണം.

10.13 am: ചെങ്ങന്നൂരില്‍ പോളിംഗ് 20 ശതമാനം കടന്നു.

Read Also: ചെങ്ങന്നൂരില്‍ കണ്ണുംനട്ട് കേരള രാഷ്ട്രീയം

9.48 am: ചെങ്ങന്നൂരില്‍ കനത്ത മഴ തുടരുകയാണ്. വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞിട്ടുണ്ട്. അതേസമയം, വോട് രേഖപ്പെടുത്തുന്നത് വെെകുന്നത് വോട്ടർമാരെ അസ്വസ്ഥരാക്കുന്നുണ്ട്.

ചെങ്ങന്നൂരില്‍ പോളിങ് ബൂത്തിലേക്ക് വരുന്ന വോട്ടർമാർ. ചിത്രം: സന്ദീപ്

9.30 am: പോളിംഗ് 15 ശതമാനത്തിലേക്ക് എത്തി. അതേസമയം, വിജയകുമാർ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

9.08 am: കനത്ത പോളിംഗ് തുടരുന്നു. പോളിംഗ് ശതമാനം 12% ആയി. മഴയുടെ ശക്തി കുറഞ്ഞു.

8.58 am: ചെങ്ങന്നൂരില്‍ അതിശക്തമായ മഴ. വോട്ടർമാരുടെ തിരക്ക് കുറയുന്നു.

8.55 am: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്താനെത്തി.

8.22 am: ആദ്യ മണിക്കൂറില്‍ 7.8 % പോളിംഗ് രേഖപ്പെടുത്തി.

Also Read: ചെങ്ങന്നൂര്‍: ജനങ്ങളുടെ കോടതിയില്‍ മൂന്ന് അഭിഭാഷകര്‍

8.15 am: ആദ്യ മണിക്കൂറില്‍ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂ.

ഭിന്നശേഷിക്കാർക്കുള്ള സഹായ കേന്ദ്രം, ചിത്രം: സന്ദീപ്

8.14 am: വിജയ പ്രതീക്ഷയില്‍ സ്ഥാനാർത്ഥികള്‍. മണ്ഡലം നിലനിർത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനും 101 ശതമാനവും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറും പറഞ്ഞു.

7.50 am: യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറും എല്‍ഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനും വോട്ട് രേഖപ്പെടുത്താന്‍ എത്തി. ഇരുവരും എത്തിയത് കുടുംബ സമേതം.

7.49 am: തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര, വെണ്‍മണി താഴത്ത് എന്നിവടങ്ങിളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. മാന്നാര്‍, കല്ലിശ്ശേരി, ബുധനൂര്‍ എന്നിവിടങ്ങളിലും യന്ത്രങ്ങളില്‍ തകരാര്‍. പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി.

7.44 am: പുലിയൂരില്‍ മഴ പെയ്യുന്നു. ഇത് വോട്ടിംഗിനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുമോ എന്ന ആശങ്കയുണ്ട്.

7.28 pm: വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടിംഗ് കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വോട്ടർമാരുടെ നീണ്ട നിരയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.