scorecardresearch
Latest News

Chengannur By Election Results 2018: കോൺഗ്രസിന് തിരിച്ചടിയായത് ഉമ്മൻചാണ്ടിയുടെ അരുവിക്കര തന്ത്രം

Chengannur By Election Results 2018: കോൺഗ്രസിൽ കലാപത്തിരി തെളിച്ചേക്കും ചെങ്ങന്നൂരിലെ കനത്ത തോൽവി

oommen chandy, ramesh chennithala, chengannur election

Chengannur By Election Results 2018: ആലപ്പുഴ: കേരളത്തിന്‍റെ സാമൂഹിക രാഷ്ട്രീയ അവസ്ഥയിൽ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി പയറ്റിയ തന്ത്രം തിരിച്ചടിച്ചത് ചെങ്ങന്നൂരിൽ. അരുവിക്കരയിൽ ജി.കാർത്തികേയന്‍റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മൽസരം എന്ന് പറഞ്ഞ് മുഖ്യധാരയിൽ​ അതു വരെ ഇല്ലാതിരുന്ന ബിജെപിയെ ആ ചിത്രത്തിലെ മുഖ്യധാരയിൽ കൊണ്ടു വന്നത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഈ കളിയായിരുന്നു.

കേരളത്തിന്‍റെ സോഷ്യൽ ഫാബ്രിക് തകർക്കുന്നതിന് ഉമ്മൻ ചാണ്ടി സ്വീകരിച്ച നല്ല ഉദാഹരണമായി അന്ന് സാമൂഹിക, രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിച്ചവയിലൊന്നാണിത്. ഇതേ തന്ത്രം ഇന്ന് ചെങ്ങന്നൂരിൽ ബൂമറാങ് ആയി കോൺഗ്രസിന് തിരിച്ചടിച്ചു.

അരുവിക്കരയിൽ പയറ്റിയ തന്ത്രവുമായാണ് കോൺഗ്രസും ബിജെപിയും സിപിഎമ്മും ചെങ്ങന്നൂരിൽ എത്തുന്നത്. അതേ തന്ത്രം തുടരാനാണ് ഡി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് സിപിഎം ചെങ്ങന്നൂരിൽ തുറന്നടിച്ചു. അയ്യപ്പസേവാ സംഘവും സംഘപരിവാറുമായുളള ബന്ധവും, ഡി.വിജയകുമാറിന്‍റെ സംഘപരിവാർ ബന്ധവും ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ ആ ആരോപണം. ഇതിന് മറുപടിയുമായി എത്തിയ ഉമ്മൻചാണ്ടിയുടെയും ആന്റണിയുടെയും വാക്കുകളില്‍ അയ്യപ്പസേവാ സംഘത്തെ കുറിച്ചുളള കോടിയേരിയുടെ വിമർശനത്തെ അയ്യപ്പഭക്തന്മാരുമായി ബന്ധപ്പെടുത്താനുളള ശ്രമമാണ് നടന്നത്.

അരുവിക്കരയിലെ ഉമ്മൻചാണ്ടിയുടെ തന്ത്രത്തിന്‍റെ ആവർത്തനമായിട്ടാണ് ചെങ്ങന്നൂരിലെ രാഷ്ട്രീയ പ്രവർത്തകർ ഇതിനെ വിലയിരുത്തിയത്.​ എന്നാൽ അത് തിരിച്ചടിച്ചുവെന്നതാണ് വസ്തുത. കോൺഗ്രസ്സിന്‍റെ ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നു. സാമുദായിക കണക്കുകളെ വെട്ടിത്തിരുത്തി കോൺഗ്രസിന്‍റെയും ബിജെപിയുടെയും വോട്ട് ബാങ്കുകളിൽ കുത്തനെയുളള ചോർച്ചയാണ് ഉണ്ടായത്.

‘സ്ഥാനാർത്ഥി നിർണയം മുതൽ യുഡിഎഫിൽ നടന്ന മലക്കം മറിച്ചിലുകളിൽ വില കൊടുക്കേണ്ടി വന്നതാണോ?’ എന്ന ചോദ്യത്തിനും ഉത്തരം പറയേണ്ടി വരുന്നതിൽ നിന്നും​ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒഴിയാൻ പറ്റില്ല. അയ്യപ്പസേവാ സംഘത്തിനെതിരെയുളള വിമർശനം അയ്യപ്പ ഭക്തർക്കെതിരായ വിമർശനമായി വളച്ചൊടിച്ച കോൺഗ്രസ് നേതാക്കളുടെ തന്ത്രത്തിന് കൂടിയാണ് ഇത് തിരിച്ചടിയായത്. എം മുരളി ഉൾപ്പടെയുളള​ കോൺഗ്രസ് നേതാക്കളുടെ പേര് പരിഗണിക്കപ്പെടുകയും, പിന്നീട് അവയെല്ലാം മാറ്റി വച്ചാണ് പല തവണ തഴയപ്പെട്ട വിജയകുമാറിന് സീറ്റ് നൽകിയത്.

അയ്യപ്പസേവാ സംഘം ഉൾപ്പെടെയുളള​ വിജയകുമാറിന്‍റെ നാട്ടിലെ ബന്ധങ്ങളാണ് കോൺഗ്രസിന്‍റെ പരിഗണനയിൽ​വന്നതെന്ന് അന്ന് തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ച വോട്ടുകൾ തിരിച്ചുപിടിക്കാൻ നടത്തിയ കരുനീക്കമായിട്ടാണ് ഇതിനെ കണ്ടത്.

കോൺഗ്രസിന്‍റെ ഈ നീക്കങ്ങളെല്ലാം തിരിച്ചടിച്ചത്, മറ്റ് മാനദണ്ഡങ്ങൾ വോട്ടർമാരുടെ പരിഗണനയില്‍ വന്നതിനാലാണ്. സംഘടനാപരമായ സിപിഎമ്മിന്‍റെ പ്രവർത്തനമാണ് ഈ​ കരുനീക്കങ്ങളെയൊക്കെ മറികടക്കാൻ സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന്. തിരഞ്ഞെടുപ്പ് സമയത്ത് സിപിഐ സൃഷ്ടിച്ച വിവാദങ്ങളെ മറികടന്ന് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ സിപിഎമ്മിനെ സഹായിച്ചതും ഈ സംഘടനാ സംവിധാനമാണ്.

കോൺഗ്രസിന്‍റെ സംഘടനാ സംവിധാനം ദുർബലമാക്കുന്നതിന് കാരണം ‘അരുവിക്കര തന്ത്രം ചെങ്ങന്നൂരിൽ പയറ്റിയതാണ്’ എന്ന അഭിപ്രായവും കോൺഗ്രസുകാർക്കിടയിൽ ഉയർന്നിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയുടെ ഐ ഗ്രുപ്പിനും ശക്തിയുളള മണ്ഡലം.

എന്നിട്ടും 25 വർഷം കൈവശം ഉണ്ടായിരുന്ന മണ്ഡലം പിടിക്കാൻ നടത്തിയ കളികൾ തിരിച്ചടിക്കുകയായിരുന്നുവെന്നതാണ് ഈ ഫലം വ്യക്തമാക്കുന്നത്. ഇത് വരും ദിവസങ്ങളിൽ കോൺഗ്രസിനുളളിൽ കലാപത്തിരിയുയർത്തും.

‘പ്രതിപക്ഷത്തിന്‍റെ വിലയിരുത്തലാകും’ ഈ തെരഞ്ഞെടുപ്പ് എന്ന ഉമ്മൻചാണ്ടിയുടെ അഭിപ്രായ പ്രകടനം രമേശ് ചെന്നിത്തലയുടെ പരാജയമായി വ്യാഖ്യാനിക്കപ്പെടും. ഇത് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റി മറിക്കാനും വരും ദിവസങ്ങളിൽ​ കേരളത്തിലെ കോൺഗ്രസിൽ പുതിയ പോർ മുഖങ്ങൾ തുറക്കാനും വഴിയൊരുക്കുമെന്നാണ് കോൺഗ്രസിലെ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ നിരീക്ഷക്കുന്നവരുടെ വിലയിരുത്തൽ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Chengannur byelection results 2018 congress strategy fails oomen chandy ramesh chennithala d vijayakumar udf