ആലപ്പുഴ: കേരള രാഷ്ട്രീയത്തിന്റെ വരുംദിവസങ്ങളിലെ ഗതിവിഗതികളിലേയ്ക്ക് സൂചന നൽകുന്നതായിരിക്കും ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ്. കേരള രാഷ്ട്രീയത്തിലെ കലങ്ങിമറിയലിൽ നിന്നും ഏത് ദിശയിലേയ്ക്ക് കേരളം നോക്കുന്നുവെന്നതിന്റെ സൂചനയാകും ഈ തിരഞ്ഞെടുപ്പ്. അടുത്തവർഷം നടക്കേണ്ടുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കുളള രാഷ്ട്രീയ സമവാക്യങ്ങളെകൂടി നിർമ്മിക്കുന്നതായിരിക്കും ഈ ഉപതിരഞ്ഞെടുപ്പ്.
മാണിയുടെ തുണയും ബിഡിജെഎസിന്റെ പരിഭവവും പയ്യാരം പറച്ചിലും വീരേന്ദ്രകുമാറിന്റെ മുന്നണിമാറ്റവും ഓരോ മുന്നണിക്കും എങ്ങനെയൊക്കെ ഗുണവും ദോഷവുമാകുമെന്ന് അടയാളപ്പെടുത്തൽ കൂടെയാകും ചെങ്ങന്നൂരിലെ വിധിയെഴുത്ത്. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റംവരുത്താൻ പര്യാപ്തമായ തിരഞ്ഞെടുപ്പായാണ് മൂന്ന് മുന്നണികളും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
കാൽനൂറ്റാണ്ട് കാലം കോൺഗ്രസ് സ്വന്തമാക്കിവച്ച ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി ഉയർത്തിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.കെ.രാമചന്ദ്രൻ നായരായിരുന്നു. കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ പി.സി.വിഷ്ണുനാഥിനെ തോൽപ്പിച്ചാണ് രാമചന്ദ്രൻ നായർ, ചെങ്ങന്നൂരിലെ ആദ്യ തിരഞ്ഞെടുപ്പിൽ ചെങ്കൊടി പാറിയ ചെങ്ങന്നൂരിനെ കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചുവപ്പിച്ചത്. 1957 ൽ സിപിഐ സ്ഥാനാർത്ഥി ശങ്കരനാരായണൻ തമ്പി ജയിച്ച ശേഷം പിന്നീട് 1991 വരെ പല പാർട്ടികളെയും മാറി മാറി ജയിപ്പിച്ച ചരിത്രമാണ് ചെങ്ങന്നൂരിന്റേത്. 1991ൽ ശോഭനാ ജോർജ് ജയിച്ചതുമുതൽ 2011 വരെ തുടർച്ചയായി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മണ്ഡലം കോൺഗ്രസിനൊപ്പം ഉറച്ചുനിന്നിരുന്നു.
മൂന്ന് മുന്നണികളെ സംബന്ധിച്ചിടത്തോളവും ഇത് അഭിമാന പോരാട്ടമാണ്. ഓരോ ഇഞ്ചും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് മൂന്ന് മുന്നണിയും നടത്തുന്നത്. ഇതിലെ തോൽവിയും ജയവും വോട്ടിലെ കുറവുമെല്ലാം മുന്നണികളെ മാത്രമല്ല, ഉൾപാർട്ടികലാപങ്ങൾക്കും വഴിയൊരുക്കും.
സിപിഎമ്മിനും എൽഡിഎഫിനും ഇവിടുത്തെ വിജയം പ്രധാനപ്പെട്ടതാകുന്നത് സിറ്റിങ് സീറ്റ് ആയതുകൊണ്ട് മാത്രമല്ല, തങ്ങളുടെ ഭരണത്തിന് കീഴിൽ സിറ്റിങ് സീറ്റിലെ മൽസരം കൂടെയാണ്. പിടിച്ചെടുത്ത സീറ്റ് നിലനിർത്തുകയെന്നതാകും അവരുടെ പ്രധാന ലക്ഷ്യം. ഒപ്പം സംസ്ഥാന ഭരണത്തെ കുറിച്ചുളള വിലയിരുത്തൽ എന്ന വ്യാഖ്യാനത്തിൽ നിന്നും സിപിഎമ്മിനും എൽഡിഎഫിനും ഒഴിയാൻ സാധിക്കില്ല എന്നതിനാൽ അവർക്കിത് അഭിമാന പോരാട്ടം തന്നെയാകുന്നു.
കോൺഗ്രസിനെയും എൽഡിഎഫിനെയും സംബന്ധിച്ച് കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കുകയെന്നതിനേക്കാൾ പ്രതിപക്ഷം എന്ന നിലയിൽ റോളിനെ കുറിച്ചുളള വിലയിരുത്തലും കൂടെയാകും. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പിണറായി വിജയന്റെ ഭരണ പാടവത്തെ കുറിച്ചുളള വിലയിരുത്തലായി പ്രതിപക്ഷത്തിന് രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തലായും ഈ തിരഞ്ഞെടുപ്പ് മാറും.
ബിജെപിയെ സംബന്ധിച്ച് കഴിഞ്ഞ തവണ ലഭിച്ച വോട്ട് എങ്കിലും നിലനിർത്താനാകുകയെന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. ജയം എന്നതാണ് പ്രതീക്ഷയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ വൻ നേട്ടം നിലനിർത്തുകയെന്നതാണ് അവരുടെ അടിസ്ഥാന ലക്ഷ്യം. അത് നിലനിർത്താനായില്ലെങ്കിൽ ബിജെപിക്ക് പാർട്ടിക്കുളളിലും പുറത്തും നേരിടേണ്ടി വരുന്നത് ഇതുവരെ നേരിട്ട പ്രതിസന്ധിയായിരിക്കില്ല. അതിനാൽ ആ വിലയിരുത്തൽ കൂടെയാകും ഇത്.

ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ എൽഡിഎഫ് തീരുമാനം മണ്ഡലത്തിലെ മുന്നാക്ക വോട്ടുകൾ സമാഹരിക്കാൻ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. മാത്രമല്ല, ക്രൈസ്തവ സഭകളുടെ ഭാഗത്ത് നിന്നും പഴയതുപോലെ എൽഡിഎഫിനോട് എതിർപ്പില്ലെന്നും അവർ കരുതുന്നു. ഭരണ നേട്ടങ്ങൾ വോട്ടാകുമെന്നും എൽഡിഎഫ് പ്രവർത്തകർ അവകാശപ്പെടുന്നു. വീരേന്ദ്രകുമാറിന്റെ പാർട്ടി കൂടെ തങ്ങളുടെ കൂടെ തിരികെ വന്നത് ചെറുതാണെങ്കിലും മണ്ഡലത്തിൽ അങ്ങിങ്ങായി കണ്ടുവരുന്ന സോഷ്യലിസ്റ്റുകളുടെ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്ക്.
ഇതിനെല്ലാം പുറമെ സ്ഥാനാർത്ഥി സജി ചെറിയാൻ രാഷ്ട്രീയത്തിനതീതമായി ഇടപെടുന്ന പാലിയേറ്റീവ് മേഖലയിലെ പ്രവർത്തനം നാട്ടിൽ അദ്ദേഹത്തിന് പിന്തുണയാകുമെന്ന് മുന്നണി വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായ ബന്ധം സജി ചെറിയാനുണ്ടെന്നും അത് വോട്ടായി മാറുമെന്നുമുളള പ്രതീക്ഷയാണ് അവർ പങ്കുവയ്ക്കുന്നത്.
കസ്റ്റഡി മരണം, വില വർധന, ഭരണ പരാജയം എന്നിവ തങ്ങൾക്കനുകൂലമാകുമെന്ന് കോൺഗ്രസ് കരുതുന്നു. ബിജെപിയുടെ കേന്ദ്രഭരണത്തോടും കേരളത്തിലെ എൽഡിഎഫ് ഭരണത്തോടുമുളള വിരുദ്ധവികാരം തങ്ങളുടെ കൈപ്പത്തിക്കുളളിലാകുമെന്ന് ഉറച്ച് വിശ്വസിച്ചാണ് യുഡിഎഫും കോൺഗ്രസും മുന്നോട്ട് പോകുന്നത്. അതിനൊപ്പം അവസാന നിമിഷം മാണി തുണയായി വന്നത് തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും ഇത് വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തുമെന്നും അവർ പറയുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകളുടെ തിരിച്ചുവരവാണ് ഡി.വിജയകുമാർ എന്ന സ്ഥാനാർത്ഥിയിലൂടെ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഏറെക്കാലമായി രാഷ്ട്രീയ പ്രവർത്തനവും അയ്യപ്പസേവാ സംഘം, സഹകരണ മേഖലയിലെ പ്രവർത്തനം എന്നിങ്ങനെ വിജയകുമാറിന് നാട്ടിലുളള ബന്ധം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് പ്രവർത്തകർ കൂട്ടിക്കിഴിക്കുന്നത്.
കഴിഞ്ഞ തവണ ബിജെപിയെ നേരിയ വ്യത്യാസത്തിലാണ് മൂന്നാംസ്ഥാനത്തിലേക്ക് തളളപ്പെട്ടത് . നാട്ടുകാരനായി ചെങ്ങന്നൂരിലെത്തിയ പി.എസ്.ശ്രീധരൻപിളള അന്ന് പിടിച്ചെടുത്തത് അവിടെ ബിജെപിക്ക് ലഭിച്ച ഏറ്റവും ഉയർന്ന വോട്ടായിരുന്നു. ആ വോട്ട് നില നിലർത്താൻ ബിജെപിക്ക് ഇത്തവണ ആകുമോ എന്നതാണ് അവരുടെ പ്രധാന അജണ്ട. ജയത്തിൽ കുറഞ്ഞതൊന്നുമില്ല എന്ന് മറ്റ് രണ്ട് മുന്നണികളെ പോലെ ബിജെപിയും പറയുന്നുണ്ടെങ്കിലും വോട്ട് വർധിപ്പിക്കുയെന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം.
വിജയം പ്രതീക്ഷിക്കുന്നുവെങ്കിലും വോട്ട് കുറയാതിരിക്കുകയെന്നതാണ് അടിസ്ഥാനലക്ഷ്യം. ഒപ്പമുണ്ടായിരുന്ന ബിഡിജെഎസ് ഭീഷണി മുഴക്കിയെങ്കിലും അവസാനം വോട്ട് കൊടുക്കുമെന്ന് പ്രഖ്യാപിച്ചതാണ് ബിജെപിയുടെ ആശ്വാസം. മറ്റ് രണ്ട് മുന്നണികളെ പോലെ സ്ഥാനാർത്ഥി തന്നെയാണ് ബിജെപിയുടെയും യു എസ് പി, നാട്ടുകാരനെന്ന നിലയിൽ പി എസ് ശ്രീധരൻ പിളളയ്ക്കുളള ബന്ധം തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ബി ജെ പി കരുതുന്നു.
തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ അവസാനത്തെ കൂട്ടലിലും കുറയ്ക്കലുകളിലുമാണ് നേതാക്കളും അണികളും. 28 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാലും 31 വരെ കാത്തിരിക്കണം ഫലമറിയാൻ. ആ ഫലം കേരളത്തിലെ വരുംകാല രാഷ്ട്രീയമാറ്റങ്ങളുടെ ദിശാ സൂചകം ആയേക്കാം.