scorecardresearch
Latest News

ചെങ്ങന്നൂരിലെ ഫലം നിർണയിക്കുന്നത് ഇവരുടെ തീരുമാനം

വിധിയെഴുതാൻ 1,99,340 വോട്ടർമാർ, ആദ്യ വോട്ട് രേഖപ്പെടുത്താൻ അവകാശം നേടിയവർ 5039 സ്ത്രീ വോട്ടർമാർ 1,06,421

ചെങ്ങന്നൂരിലെ ഫലം നിർണയിക്കുന്നത് ഇവരുടെ തീരുമാനം

ആലപ്പുഴ: ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്‌ച മാത്രം ബാക്കി നിൽക്കെ ആര് വിജയിക്കണം എന്ന നിർണായക തീരുമാനമെടുക്കുന്നത് ഇവരായിരിക്കും. മതവും ജാതിയും പാർട്ടിയും എല്ലാം കൂട്ടിയും കിഴിച്ചും നോക്കിക്കഴിഞ്ഞാലും ഇവരുടെ മനസ് എവിടെയായിരിക്കുമോ അവരായിരിക്കും അവിടെ നിന്നും ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത്. ഇവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവരുമുണ്ട്. അതിനാൽ സ്ഥാനാർത്ഥികളുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് ഈ വിഭാഗത്തിന്‍റെ വോട്ട് തങ്ങൾക്ക് എത്രത്തോളം സ്വാധീനിക്കാം സാധിക്കുമെന്നതാണ്.

ചെങ്ങന്നൂരിലെ വോട്ടർമാരിലെ നിർണായക സ്വാധീനമാകുന്ന ഇവർ ആ മണ്ഡലത്തിലെ 30നും 50 നും ഇടയ്ക്ക് വയസുളളവരാണ്. മൊത്തം വോട്ടർമാരിലെ മുപ്പത് ശതമാനത്തിലേറെ വോട്ടർമാർ ഈ പ്രായത്തിൽപ്പെടുന്നവരാണ്. ഇവരുടെ മനസ് ചായുന്നിടത്തേയ്ക്ക് വിജയം എന്നതാണ് ചെങ്ങന്നൂരിലെ വോട്ടർമാരുടെ കണക്ക് പറയുന്നത്.

ഇതിൽ തന്നെ 30നും 40നും ഇടയ്ക്ക് പ്രായഗ്രൂപ്പിൽപ്പെട്ടവരാണ് വലിയ ശക്തി. ഈ​ പ്രായ ഗ്രൂപ്പിൽ ഉൾപ്പെട സ്ത്രീ വോട്ടർമാർക്ക് മുൻതൂക്കമുളള മണ്ഡലമാണ് ചെങ്ങന്നൂർ. പുരുഷ വോട്ടർമാരേക്കാൾ പതിമൂവായിരിത്തിലേറെ സ്ത്രീ വോട്ടർമാരാണ് ഈ​ മണ്ഡലത്തിൽ ഉളളത്. കന്നിവോട്ടർമാരുടെ മനസും ഈ മണ്ഡലത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കാൻ സാധ്യതയുണ്ട്; പ്രത്യേകിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഫലത്തിന്‍റെ പശ്ചാത്തലത്തിൽ.

ഉപതിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ശേഷമുളള​ വോട്ടർപട്ടിക പ്രകാരം ചെങ്ങന്നൂരിൽ വിധിയെഴുതാൻ 1,99,340 സമ്മതിദായകർ എന്നാണ് കണക്ക്.

ഈ വർഷമാദ്യം പ്രസിദ്ധീകരിച്ച അന്തിമപട്ടിക പ്രകാരം 1,88,632 വോട്ടർമാരായിരുന്നു മണ്ഡലത്തിൽ. 10,708 വോട്ടർമാരുടെ വർധനയാണ് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പോടെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന കന്നി വോട്ടർമാരുടെ എണ്ണം 5039 ആണ്.

chengannur byelection voters

മെയ് എട്ടുവരെയുള്ള കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ഉൾപ്പെടെ ഇപ്പോൾ മണ്ഡലത്തിൽ 92,919 പുരുഷ വോട്ടർമാരും 1,06,421 വനിത വോട്ടർമാരുമാണുള്ളത്. ഈ വർഷമാദ്യത്തെ പട്ടികയിൽ ഇത് യഥാക്രമം 87,795, 1,00,907 എന്നിങ്ങനെയായിരുന്നു. വനിതാ വോട്ടർമാരുടെ എണ്ണത്തിൽ 5559 പേരുടെ വർധനയുണ്ടായപ്പോൾ 43 പേരെ ഒഴിവാക്കി. പുരുഷ വോട്ടർമാരിൽ 52 പേരെ ഒഴിവാക്കിയപ്പോൾ പുതുതായി ചേർത്തത് 5174 പേരെയാണ്. ട്രാൻസ് പേഴ്സൺ വോട്ടർമാർ ആരും ഈ മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ പേര് ചേർത്തവരിൽ ഇല്ല.

മണ്ഡലത്തിലെ വോട്ടർമാരിൽ നിർണായക സ്വാധീനമുള്ള പ്രായ ഗ്രൂപ്പ് 30-39 വയസുള്ളവരും 40-49 വയസുള്ളവരുമാണ്.

ആകെ വോട്ടർമാരിൽ, 30-39 പ്രായ ഗ്രൂപ്പിൽ നിന്നുള്ളവർ 16.52 ശതമാനം പേർ അതായത് 39,265 പേർ. തൊട്ടുപിന്നിൽ 38779 (16.32 ശതമാനം) വോട്ടർമാരുമായി 40-49 പ്രായത്തിൽ​പ്പെട്ടവരാണ്. 50-59 പ്രായഗ്രൂപ്പുകാരായി 34,182 (14.38 ശതമാനം) വോട്ടർമാരും മണ്ഡലത്തിലുണ്ട്. 60-69 പ്രായഗ്രൂപ്പുകാരായി 27,889 വോട്ടർമാരും 70-79 സംഘത്തിൽ 14,543 വോട്ടർമാരും മണ്ഡലത്തിലുണ്ട്. 20-29 ഗ്രൂപ്പിലുള്ള 34,070 വോട്ടർമാരും 80 വയസിനു മുകളിലായി 5573 വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്.

chengannur by election,

നിർണായകമായി മാറുന്ന ഭൂരിഭാഗം അസ്ഥിരവോട്ടുകളും (ഫ്ലോട്ടിങ് വോട്ട്)  30-50 പ്രായ വിഭാഗത്തിൽപ്പെടുന്നവരിലും സ്ത്രീ വോട്ടർമാരിലുമാണ് കൂടതലായി ഉണ്ടാവുകയെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലെത്തി നിൽക്കുന്ന ചെങ്ങന്നൂരിലെ രാഷ്ട്രീയ പ്രവർത്തകർ പറയുന്നത്.

സ്ഥിരം ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യുക എന്ന ശീലം ഇല്ലാത്ത വോട്ട് ചെയ്യുന്നവരെ കുറിച്ചുളള ഈ​ നിരീക്ഷണത്തിൽ​ എല്ലാക്കാലത്തും എല്ലായിടത്തും ​ഈ പ്രായഗ്രൂപ്പിൽപെടുന്നവരിൽ സ്വാധീനം കൂടുതലായിരിക്കുമെന്നാണ് രാഷ്ട്രീയ പ്രവർത്തകരുടെ നിഗമനം. കൂടുതൽ വരുന്ന പ്രായഗ്രൂപ്പാണിതെന്നിരിക്കെ, ഈ​ വിഭാഗത്തിൽ നിന്നാകും ഇവിടെയും വോട്ടൊഴുക്ക് കൂടുതലെന്നാണ് രാഷ്ട്രീയപ്രവർത്തകരായ ചിലരുടെ വിലയിരുത്തൽ. ആ വോട്ടൊഴുക്കിന്‍റെ ഗുണഫലം ആർക്കായിരിക്കുമെന്നതാണ് ചെങ്ങന്നൂരിന്‍റെ ഫലം പറയുക.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ കെ.കെ.രാമചന്ദ്രൻ നായരാണ് വിജയിച്ചത്. 52,880 വോട്ടുകൾ നേടിയ രാമചന്ദ്രൻ നായർ കോൺഗ്രസിലെ സിറ്റിങ് എംഎൽഎയായിരുന്ന പി.സി.വിഷ്ണുനാഥിനെയാണ് തോൽപ്പിച്ചത്. വിഷ്ണുനാഥ് 44,897 വോട്ടുകളാണ് നേടിയത്. 7,983 വോട്ടിന്‍റെ ഭൂരിപക്ഷമാണ് രാമചന്ദ്രൻ നായർക്ക് ലഭിച്ചത്.  അന്ന് മൂന്നാം സ്ഥാനത്ത്  എത്തിയ ബിജെപിയുടെ പി.എസ്.ശ്രീധരൻപിളളയ്ക്ക് 42,682 വോട്ട് നേടിയിരുന്നു.

ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന മൂന്നു പേരും ചെങ്ങന്നൂർ സ്വദേശികളാണ്. എൽഡിഎഫിന്‍റെ സ്ഥാനാർത്ഥി സിപിഎമ്മിന്‍റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനാണ്. യുഡിഎഫിന്‍റെ സ്ഥാനാർത്ഥി കോൺഗ്രസ് നേതാവ്  ഡി.വിജയകുമാറാണ്.  എൻഡിഎയുടെ സ്ഥാനാർത്ഥി കഴിഞ്ഞതവണ മൽസരിച്ച ബിജെപി ദേശീയ നിർവാഹക  സമിതിയംഗം  പി.എസ്.ശ്രീധരൻ പിളളയുമാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Chengannur by election voters in 30 50 age group could decide winner saji cherian d vijayakumar p sreedharan pillai