കൊച്ചി: ഗ്രൂപ്പ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് വി.എം.സുധീരൻ. കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ ശൈലി മാറ്റണം. ഗ്രൂപ്പല്ല പാർട്ടിയാണ് വലുത്. ഗ്രൂപ്പ് മാനേജർമാർ ശൈലി മാറ്റിയാലേ കോൺഗ്രസിന് വിജയിക്കാനാകൂ. പാർട്ടിയേക്കാൾ ഗ്രൂപ്പിന് പ്രാധാന്യം നൽകുന്നത് മാറണം. ഗ്രൂപ്പ് നേതാക്കൾ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സുധീരൻ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തനശൈലിയിൽ മാറ്റം വരുത്തണം. അർഹതപ്പെട്ട പ്രവർത്തകരെ അംഗീകരിക്കാത്ത നിലപാട് മാറണം. മുതിർന്ന നേതാക്കൾ പ്രവർത്തനശൈലി മാറ്റണം. ചെങ്ങന്നൂരിൽ തോൽവിക്ക് ഒരു കാരണം സംഘടന ദൗർബല്യമെന്നും സുധീരൻ പറഞ്ഞു.
കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംഘടനാസംവിധാനത്തിലെ പിഴവുകള്‍ തിരുത്തണമെന്നും പ്രചാരണത്തില്‍ വീഴ്ചയുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ ചൂണ്ടിക്കാട്ടിയ അവസ്ഥയുമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് തിരുത്തലിന് കോണ്‍ഗ്രസും മുന്നണിയും ആലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് തിളക്കമാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്. സജി ചെറിയാന് 20,956 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 67,303 വോട്ടുകളാണ് സജി ചെറിയാന് നേടിയത്. 2016 ലെ ചെങ്ങന്നൂരിലെ എല്‍ഡിഎഫ് ഭൂരിപക്ഷവും സജി ചെറിയാന് മറികടന്നു. അന്ന് എല്‍ഡിഎഫിന്റെ കെ.കെ.രാമചന്ദ്രന് നായര്‍ക്ക് കിട്ടിയത് 7,983 ന്റെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
46,347 വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ രണ്ടാം സ്ഥാനത്തും 35,270 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥി പി.സ്.ശ്രീധരന്‍പിളള മൂന്നാം സ്ഥാനത്തുമെത്തി. യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ചെങ്ങന്നൂരില്‍ നേരിടേണ്ടി വന്നത്. ഇരുമുന്നണികള്‍ക്കും പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല.