Chengannur By Election Results 2108: തിരുവന്തപുരം: ചെങ്ങന്നൂരിലെ വിജയം സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനത്തിനുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജാതി-മത രഹിതമായ വിജയമാണ് സജി ചെറിയാന്റേതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ വിയോജിപ്പാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയെങ്കിലും കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസിനേയും ബിജെപിയെയും നേരിടേണ്ടത് കോണ്‍ഗ്രസിന്റെ മൃതു ഹിന്ദുത്വം കൊണ്ടല്ലെന്നും മതനിരപേക്ഷത കൊണ്ടാണെന്നും അതാണ് എല്‍ഡിഎഫ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിന്റെ കാഴ്‌ചപ്പാടാണ് ജനം അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്ന് പറഞ്ഞ വാക്കുകളില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഉണ്ടെങ്കില്‍ പ്രതിപക്ഷ സ്ഥാനത്തു നിന്നും പിന്മാറാന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെടണമെന്നും കോടിയേരി പറഞ്ഞു.

ബിജെപി നേതാക്കളായ അമിത് ഷായും മറ്റും കേരളത്തില്‍ നിന്ന് സിപിഎമ്മിനെ ഇല്ലാതാക്കുമെന്നാണ് പറഞ്ഞത്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പാര്‍ലമെന്റ് സീറ്റിലും ബിജെപി ജയിക്കുമെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. അതിന്റെ തുടക്കമാകും ചെങ്ങന്നൂര്‍ എന്ന് അവര്‍ പറഞ്ഞു. ഓരോ ബൂത്തിലും ലക്ഷക്കണക്കിന് രൂപയാണ് ബിജെപി നേതാക്കള്‍ ഇറക്കിയത്. കേന്ദ്രമന്ത്രിമാര്‍ ക്യാംപ് ചെയ്തു. ഇതെല്ലാം ചെയ്തിട്ടും ബിജെപിയുടെ വോട്ട് കുറഞ്ഞത് അവരുടെ വർഗീയ രാഷ്ട്രീയത്തെ ജനങ്ങള്‍ എതിര്‍ക്കുന്നത് കൊണ്ടാണെന്ന് കോടിയേരി പറഞ്ഞു.

യുഡിഎഫിന്റെ പ്രസക്തി നഷ്ടമാകുകയാണെന്ന് പറഞ്ഞ കോടിയേരി കെ.എം.മാണിയുടെ ആഹ്വാനം കേരളാ കോണ്‍ഗ്രസ് അണികള്‍ പോലും മുഖവിലയ്‌ക്കെടുത്തില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയം 20956 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. 67303 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന് 46347 വോട്ടും ബിജെപിയുടെ ശ്രീധരന്‍ പിള്ളയ്ക്ക് 35270 വോട്ടുമാണ് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.